Friday, May 10, 2024
keralaNewspolitics

കെപിസിസി നിര്‍വാഹക സമിതിയംഗവും വയനാട് ഡിസിസി മുന്‍ പ്രസിഡന്റുമായ പി.വി.ബാലചന്ദ്രന്‍ പാര്‍ട്ടിവിട്ടു.

കല്‍പറ്റ കെപിസിസി നിര്‍വാഹക സമിതിയംഗവും വയനാട് ഡിസിസി മുന്‍ പ്രസിഡന്റുമായ പി.വി.ബാലചന്ദ്രന്‍ പാര്‍ട്ടിവിട്ടു. സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്നാണു സൂചന. ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട ആരോപണപ്രത്യാരോപണങ്ങളാണു ബാലചന്ദ്രന്റെ രാജിയില്‍ കലാശിച്ചത്. ഡിസിസി മുന്‍ പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ ബാങ്ക് നിയമനത്തിനു ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നായിരുന്നു ബാലചന്ദ്രന്റെ ആരോപണം.ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ ദേശീയതലത്തില്‍ വെല്ലുവിളിയുയരുമ്പോള്‍ പ്രതിരോധമൊരുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിനു ദിശാബോധം നഷ്ടപ്പെട്ടു. പാര്‍ട്ടിക്കൊപ്പം ജനങ്ങള്‍ നില്‍ക്കില്ല. ഭൂരിപക്ഷ സമൂഹവും ന്യൂനപക്ഷങ്ങളും പാര്‍ട്ടിയില്‍നിന്ന് അകന്നു. അതിനാല്‍ കോണ്‍ഗ്രസുമായുള്ള 52 വര്‍ഷത്തെ ആത്മബന്ധം അവസാനിപ്പിക്കുന്നുവെന്നും ബാലചന്ദ്രന്‍ പറഞ്ഞു. കെ.സി.റോസക്കുട്ടി, പി.കെ.അനില്‍കുമാര്‍, എം.എസ്.വിശ്വനാഥന്‍ എന്നീ നേതാക്കള്‍ക്കു പിന്നാലെയാണ് വയനാട്ടില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിടുന്നത്.