Wednesday, May 22, 2024
keralaNewsObituary

പ്രവാസിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍

മലപ്പുറം:പ്രവാസിയായ പാലക്കാട് അഗളി സ്വദേശി അബ്ജുള്‍ ജലീലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി യഹിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഒളിവില്‍ ഇരുന്ന വീട്ടില്‍ നിന്നാണ് യഹിയയെ പിടികൂടിയത് എന്ന് പൊലീസ് പറഞ്ഞു.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളെ വലയിലാക്കിയത്. ജലീലിനെ മര്‍ദ്ദിച്ചതില്‍ ഉള്‍പ്പെട്ട നാലപേരെ കൂടി ഇനി പിടികിട്ടാനുണ്ട്. രണ്ടുപേര്‍ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഒരു കിലോയോളം സ്വര്‍ണമാണ് അബ്ദുള്‍ ജലീലിന് കൈവശം കൊടുത്തുവിട്ടതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഈ സ്വര്‍ണം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച യഹിയയുടെ സംഘത്തിന് ലഭിച്ചിട്ടില്ല. ജലീലിന്റെ പക്കല്‍ കൊടുത്തയച്ച സ്വര്‍ണം വിമാനത്തില്‍ കയറുന്നതിനു മുമ്പ് തന്നെ മാറ്റാര്‍ക്കോ കൈമാറി എന്നാണ് സംശയം. ജലീലിന്റെ ബാഗും മറ്റു വസ്തുക്കളും കണ്ടെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

യഹിയയുടെ അറസ്റ്റോടെ അബ്ജുള്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊന്ന കേസില്‍ ആകെ 9 പേര്‍ പിടിയിലായി. യഹിയ, അലിമോന്‍, അല്‍ത്താഫ്, റഫീഖ് ഇവര്‍ക്ക് സഹായം ചെയ്ത് കൊടുത്ത അനസ് ബാബു, മണികണ്ഠന്‍ മുഖ്യപ്രതി യഹിയയെ ഒളിവില്‍ പോകാനും രക്ഷപ്പെടാനും സഹായിച്ച കരുവാരക്കുണ്ട് സ്വദേശി നബീല്‍, പാണ്ടിക്കാട് സ്വദേശി മരക്കാര്‍, അങ്ങാടിപ്പുറം സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്.

വിദേശത്ത് നിന്ന് സ്വര്‍ണം കടത്തുന്ന കാരിയറായിരുന്ന അബ്ജുള്‍ ജലീലിനെ യഹിയയുടെ നേതൃത്വത്തില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ക്രൂര മര്‍ദ്ദനമേറ്റ നിലയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജലീല്‍ തൊട്ടുപിന്നാലെ മരിച്ചു.

മെയ് 15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അബ്ദുള്‍ ജലീലിനെ നാലു ദിവസത്തിന് ശേഷമാണ് ഗുരുതര പരിക്കുകളോടെ ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തിയതോടെയാണ് കേസിന് തുമ്പുണ്ടായത്.