Friday, April 26, 2024
keralaNews

വിസി പുനര്‍ നിയമനത്തിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി.

സംസ്ഥാന സര്‍ക്കാരിന് താല്‍കാലിക ആശ്വാസം.കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി.ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.ഗോപിനാഥിന്റെ നിയമനം സര്‍വകലാശാലാ നിയമത്തിനു വിരുദ്ധമാണെന്നും അതിനാല്‍ തുടര്‍നിയമനം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് സര്‍വകലാശാലാ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.വൈസ് ചാന്‍സലറുടെ പ്രായം 60 കടന്നതും നിയമന കാലാവധി നീട്ടി നല്‍കുകയല്ല, പുനര്‍നിയമനമാണു നടന്നിരിക്കുന്നത് എന്നും നിയമനത്തില്‍ യുജിസിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. 2017 നവംബര്‍ മുതല്‍ ഈ വര്‍ഷം നവംബര്‍ 22 വരെ ആയിരുന്നു രവീന്ദ്രന്റെ വൈസ് ചാന്‍സലര്‍ കാലാവധി.ഹര്‍ജിക്കാര്‍ അടുത്ത ദിവസം ഡിവിഷന്‍ബെഞ്ചിനെ സമീപിക്കും.

2017 നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ 22 വരെയായിരുന്നു കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി. എന്നാലിത് അടുത്ത 4 വര്‍ഷത്തേക്കു കൂടി പുനര്‍ നിയമനം നടത്തി ഉത്തരവിറക്കിയതാണ് വിവാദമായത്. നിയമന ഉത്തരവില്‍ ഒപ്പിട്ടത് സമ്മര്‍ദ്ദത്തിന്റെ പുറത്താണെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും വന്നതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമായിട്ടുണ്ട്.

കണ്ണൂര്‍ വി സി പുനര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആര്‍ ബിന്ദുവിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിരുന്നു. അക്കാദമിക് മികവ് നിലനിര്‍ത്താന്‍ ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്കാണ് മന്ത്രി കത്ത് നല്‍കിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.