Saturday, May 4, 2024
Newsworld

കീവ് വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി

കീവ്: കീവ് ലക്ഷ്യമാക്കി റഷ്യയുടെ കൂടുതല്‍ സൈന്യം എത്തുന്നതിനതിനാല്‍ ഏത് വിധേനേയും യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം          നല്‍കി ഇന്ത്യന്‍ എംബസി. വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ലഭ്യമാകുന്ന ട്രെയിനുകളിലോ ബസുകളിലോ കയറി കീവ് വിടണമെന്നാണ് എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കീവ് ലക്ഷ്യമാക്കി റഷ്യയുടെ കൂടുതല്‍ സൈന്യം എത്തുന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് എംബസിയുടെ നിര്‍ദ്ദേശം. എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ആറാം ദിവസത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഏത് വിധേനേയും തലസ്ഥാനം കീഴടക്കണമെന്ന് ഉറപ്പിച്ചാണ് റഷ്യന്‍ സേന യുദ്ധം തുടരുന്നത്.റഷ്യയുടെ 40 മൈലോളം നീളം വരുന്ന വാഹന വ്യൂഹം കീവ് ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.യുഎസ് കമ്പനിയായ മാക്സര്‍ പുറത്ത് വിട്ട ഉപഗ്രഹ ചിത്രത്തിലാണ് റഷ്യന്‍ അധിനിവേശം വ്യക്തമായി കാണാന്‍ സാധിക്കുന്നത്. അതേസമയം അയല്‍ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത ആയുധങ്ങള്‍ യുദ്ധക്കളത്തിലേക്ക് ഉടനെത്തുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി വ്യക്തമാക്കി.ഞങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നുള്ള ആയുധങ്ങള്‍ പടക്കളത്തിലേക്കുള്ള യാത്രയിലാണെന്ന് സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍,ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളാണ് യുക്രെയ്ന് യുദ്ധത്തിനാവശ്യമായ ആയുധങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.