Thursday, May 2, 2024
keralaNews

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ സംഘര്‍ഷം.

തിരുവനന്തപുരം : വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ സംഘര്‍ഷം.സമരം നാലാം ദിവസത്തേക്ക് കടന്നു. തുറമുഖ പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച് സംഘര്‍ഷ ഭരിതമാണ്. ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ട് പോയ മത്സ്യത്തൊഴിലാളികളെ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു. വിഴിഞ്ഞത്തെ തുറമുഖ സമരത്തില്‍ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് സമരം ശക്തമാക്കിയത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യങ്ങളില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു. ഒരു ഘട്ടത്തില്‍ പൊലീസിനെതിരെയും സമരക്കാര്‍ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ സംയമന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കുന്നത്.

അതേ സമയം സര്‍ക്കാര്‍ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്നുണ്ടാകും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ അധ്യക്ഷതയിലാണ് ഇന്ന് വൈകിട്ട് ചര്‍ച്ച നടക്കുക. തുറമുഖം നിര്‍ത്തി വെച്ച് ആഘാത പഠനം നടത്തുന്നത് ഉള്‍പ്പെടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത. എന്നാല്‍ അതേ സമയം, തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് ഇതിനകം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം നാലാം ദിനത്തിലേക്ക് കടന്നതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്.

അതേ സമയം, വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചര്‍ച്ച നടത്തണമെന്ന നലപാടിലാണ് കോണ്‍ഗ്രസ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി കൂടുതല്‍ പണം ആവശ്യപ്പെടണമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിന്റെ പ്രശ്‌നമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് തീരത്തിന്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചര്‍ച്ച നടത്തണം. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ടതില്ല. 25 വര്‍ഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങള്‍ പരിശോധിച്ച് പരിഹരിച്ച് കൊണ്ടു തന്നെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണം. തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ലെന്നും തരൂര്‍ വിശദീകരിച്ചു.