Wednesday, May 1, 2024
keralaNewsObituary

വിഴിഞ്ഞത്ത് അജ്ഞാത മൃതദേഹം; വള്ളം മറിഞ്ഞ് കാണാതായ ആളുടെയെന്ന് സംശയം

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു.പുരുഷന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. വെട്ടൂര്‍ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം പെരുമാതുറയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഇയാളെ കാണാതായിരുന്നു.കരയ്ക്കടിഞ്ഞത് സമദിന്റെ മൃതദേഹമാണോയെന്നാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്.എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.വള്ളം മറിഞ്ഞ് പെരുമാതുറയില്‍ കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞം, ചവറ എന്നിവിടങ്ങളില്‍ നിന്ന് കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ചാണ് തിരച്ചിലുകള്‍ നടത്തുന്നത്. നാവികസേനയും, കോസ്റ്റ്ഗാര്‍ഡും, തീരദേശ പൊലീസും, മറൈന്‍ എന്‍ഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമത്തിലാണ്. അതിനായി വിഴിഞ്ഞം അദാനി പോര്‍ട്ടില്‍ നിന്നും ചവറ കെഎംഎംഎല്ലില്‍ നിന്നും കൂറ്റന്‍ ക്രെയിനുകള്‍ എത്തിച്ചു. ഈ ക്രെയിനുകള്‍ക്ക് പുലിമുട്ടിലേക്ക് കടന്നുവരാന്‍ വഴിയൊരുക്കാന്‍ മരങ്ങള്‍ വരെ പിഴുതുമാറ്റിയാണ് വഴിയൊരുക്കിയത്.ഉള്‍ക്കടലിലും പരിശോധനകള്‍ നടത്തുന്നതായി തിരച്ചില്‍ സംഘം അറിയിച്ചു.