Monday, April 29, 2024
keralaNewsObituary

വിദ്യാര്‍ത്ഥികളുടെ മരണം; കെഎസ്ആര്‍ടിസി ഡ്രൈവറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

കൊല്ലം: ചടയമംഗലത്ത് കഴിഞ്ഞ വര്‍ഷം കെഎസ്ആര്‍ടിസി ബസ് ബൈക്കിന് പിന്നില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പിരിച്ച് വിട്ടു. ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്‍.ബിനുവിനെതിരെയാണ് നടപടി. മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തിനൊടുവിലാണ് തീരുമാനം ഉണ്ടായത്. കെഎസ്ആര്‍ടിസി വിജിലന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28നാണ് അപകടമുണ്ടായത്. എംസി റോഡില്‍ കുരിയോട് നെട്ടേത്തറയില്‍ നടന്ന അപകടത്തില്‍ പൂനലൂര്‍ തൊളിക്കോട് തലയാംകുളം വിഘ്‌നേശ്വത്തില്‍ അജയകുമാറിന്റെയും ബിന്ദുവിന്റെയും മകള്‍ ശിഖ (20), പുനലൂര്‍ കക്കോട് അഭിനഞ്ജനത്തില്‍ രഞ്ജിത്ത് ആര്‍.നായരുടെയും ലക്ഷ്മിയുടെയും മകന്‍ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്.

തട്ടത്തുമല വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥിനിയായിരുന്നു ശിഖ. അഭിജിത് പത്തനംതിട്ട മുസല്യാര്‍ കോളജിലെ ബിസിഎ വിദ്യാര്‍ഥിയും. ചടയമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് നെട്ടേത്തറ കുരിയോട് ഭാഗത്ത് വെച്ചാണ് അതേ ദിശയില്‍ പോയ ബൈക്കില്‍ ഇടിച്ചത്. ബസിന്റെ ടയര്‍ തലയില്‍ കയറിയിറങ്ങി ശിഖ തല്‍ക്ഷണം മരിച്ചു.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അഭിജിത്തും മരണത്തിന് കീഴടങ്ങി. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി നിയമപോരാട്ടം തുടരുമെന്ന് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബം വ്യക്തമാക്കി.