Saturday, May 4, 2024
keralaNews

വാവ സുരേഷ് അപകടനില തരണം ചെയ്തു :മന്ത്രി

വാവ സുരേഷ് അപകടനില തരണം ചെയ്തു വരുന്നെന്ന് മന്ത്രി വി.എന്‍ വാസവന്‍. ആരോഗ്യ നില പ്രതീക്ഷ നല്‍കുന്നുണ്ട്. കൈ കാലുകള്‍ അനക്കി തുടങ്ങിയിട്ടുണ്ട്. വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുകയാണ്. വാവ സുരേഷിന് ഇതുവരെ സംഭവിച്ചതില്‍ വച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാന്‍ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കല്‍ കോളേജില്‍ വാവസുരേഷിന് നല്‍കുന്നുണ്ടെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

ഐസിയുവില്‍ 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായിട്ടുണ്ട്. അദ്ദേഹം മരുന്നുകളോടും അന്വേഷണങ്ങളോടും പ്രതികരിച്ചു തുടങ്ങിയെന്നും ഡോ. ടി.കെ.ജയകുമാര്‍ വ്യക്തമാക്കി.