Monday, May 13, 2024
BusinessindiaNews

വാര്‍ത്തയ്ക്കു ഗൂഗിള്‍ പ്രതിഫലം നല്‍കണം: ആവശ്യവുമായി വാര്‍ത്താചാനലുകളുടെ കൂട്ടായ്മ

പരസ്യവരുമാനം പത്രങ്ങളുമായി അര്‍ഹമായ രീതിയില്‍ പങ്കുവെയ്ക്കണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) ആവശ്യപ്പെട്ടതിനു പിന്നാലെ ഇതേ ആവശ്യവുമായി ടെലിവിഷന്‍ ചാനലുകളുടെ കൂട്ടായ്മയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനും. ഇതുസംബന്ധിച്ച് കൂട്ടായ്മ ഗൂഗിളിനു കത്തെഴുതി. ജനങ്ങള്‍ വാര്‍ത്തകള്‍ക്കായി ഗൂഗിള്‍, യൂട്യൂബ്, ഫെയ്‌സ്ബുക്ക് പോലെയുള്ള പ്‌ളാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നതിനാല്‍ വരുമാനം കുറവാണെന്നാണ് കൂട്ടായ്മ പറയുന്നത്.നേരത്തേ, പത്രങ്ങളുടെ ആധികാരികമായ ഉള്ളടക്കം പങ്കുവച്ചാണ് ഗൂഗിളിന് ഇന്ത്യയില്‍ വിശ്വാസ്യതയുണ്ടായതെന്നും അതിലൂടെ ലഭിക്കുന്ന പരസ്യവരുമാനം പത്രങ്ങളുമായി നീതിയുക്തമായി പങ്കുവയ്ക്കണമെന്നും ഗൂഗിള്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സഞ്ജയ് ഗുപ്തയ്ക്ക് അയച്ച കത്തില്‍ ഐഎന്‍എസ് പ്രസിഡന്റ് എല്‍. ആദിമൂലം ആവശ്യപ്പെട്ടിരുന്നു.ഡിജിറ്റല്‍ മേഖലയില്‍ നിന്നുള്ള പരസ്യ വിഹിതം കുറയുന്നതും കോവിഡ് വ്യാപനവും രാജ്യത്തെ പത്രമാധ്യമങ്ങള്‍ക്കു തിരിച്ചടിയാണ്. വിഹിതം വര്‍ധിപ്പിക്കുന്നതിനു പുറമേ പരസ്യവരുമാനം സംബന്ധിച്ച സുതാര്യമായ റിപ്പോര്‍ട്ട് പ്രസാധകരുമായി ഗൂഗിള്‍ പങ്കുവയ്ക്കണം. ആധികാരികതയില്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നത് തെറ്റായ വിവരങ്ങള്‍ പ്രചരിക്കാന്‍ വഴിയൊരുക്കുമെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.