Sunday, April 28, 2024
keralaNews

വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ഹര്‍ഷാദിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് വാവ സുരേഷ്.

വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ഹര്‍ഷാദിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് വാവ സുരേഷ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിതെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മൃഗസ്നേഹികളില്‍ ഒരാളായിരുന്നു ഹര്‍ഷാദെന്നും വാവ സുരേഷ് പറഞ്ഞു. 30 വര്‍ഷത്തെ സൗഹൃദമാണ് ഹര്‍ഷാദും വാവ സുരേഷും തമ്മിലുള്ളത്.കേരളത്തില്‍ ആദ്യമായിട്ടാണ് രാജവെമ്പാലയുടെ കടിയേറ്റുള്ള മരണം രേഖപ്പെടുത്തുന്നത്. രാജവെമ്പാലയുടെ കടിയേറ്റാല്‍ സ്പീഡില്‍ വരുന്ന ഒരു ട്രെയിന്‍ ഇടിയ്ക്കുന്നതിന് തുല്യമാണെന്നും വാവ സുരേഷ് പറഞ്ഞു. തായ്ലാന്‍ഡ് പോലുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് രാജവെമ്പാലയുടെ വിഷത്തിന് പ്രതിമരുന്നുള്ളത്.

പ്രതിമരുന്ന് കൊണ്ടുവന്നാല്‍ പോലും കടിയേറ്റ ആളിന്റെ ശരീരത്തിലേക്ക് അത് കടത്തി വിടുന്നതിന് പരിമിതികള്‍ ഉണ്ട്. അത്രയ്ക്കും ഹൈ ഡോസ് മരുന്നാണിതെന്നും അത് താങ്ങാനുള്ള കരുത്ത് മനുഷ്യ ശരീരത്തിന് ഉണ്ടാകില്ലെന്നും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് ഹര്‍ഷാദ് മൃഗശാലയിലെ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്.17 വര്‍ഷത്തെ ജോലിയ്ക്ക് ശേഷമാണ് ഹര്‍ഷാദിന്റെ അകാല മരണം. കുരങ്ങിന്റെ ആക്രമണവും ചീങ്കണ്ണിയുടെ ആക്രമണവും ഒക്കെ നേരിട്ടതിന്റെ മുറിപ്പാടുകള്‍ കയ്യിലും ശരീരത്തിലുമുള്ള മൃഗശാലജീവനക്കാരന്‍ കൂടിയായിരുന്നു ഹര്‍ഷാദ്. വര്‍ഷങ്ങളായുള്ള പരിപാലനത്തിലൂടെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ഒക്കെ ഓരോ നീക്കവും ഹര്‍ഷാദിന് അറിയാമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.അപകടകാരണമായ രാജവെമ്പാലയും ഇതിനൊപ്പം ഉണ്ടായിരുന്ന പാമ്പും അടുത്തിടെയാണ് മൃഗശാലയില്‍ എത്തിയത്. ഒരുപക്ഷെ ഇവരുമായുള്ള പരിചയക്കുറവ് ആയിരിക്കും അപകടത്തിന് കാരണം. കൂട് വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിതിനിടെയാണ് ഹര്‍ഷാദിന് രാജവെമ്പാലയുടെ കടിയേല്‍ക്കുന്നത്. കടിയേറ്റിട്ടും പാമ്പ് പുറത്ത് ചാടി മറ്റുള്ളവര്‍ക്ക് അപകടം വരാതിരിക്കാന്‍ കൂട് ഭദ്രമായി പൂട്ടി പുറത്തിറങ്ങിയ ശേഷമാണ് സംഭവം സഹപ്രവര്‍ത്തകരോട് പറയുന്നത്. അപ്പോഴേക്കും ഹര്‍ഷാദ് കുഴഞ്ഞുവീണിരുന്നു.