Tuesday, May 7, 2024
keralaNewsUncategorized

വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വീട്ടിലിട്ട് വെട്ടി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ മകള്‍ വീട്ടില്‍ വിളിച്ചു വരുത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ചരുവിള വീട്ടില്‍ ബാലുവിനെയാണ് അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിലും പുറത്തുമാണ് ബാലുവിന് വെട്ടേറ്റത്. സംഭവത്തില്‍ ചെറുകുന്നം സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് ജയകുമാറിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. 2019ല്‍ ഇതേ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബാലു ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.  ഇന്ന് മൂന്ന് മണിക്കായിരുന്നു സംഭവം. ജയകുമാറിന്റെ മകളും ബാലുവുമായി വര്‍ഷങ്ങളായി അടുപ്പത്തിലാണ്. മൂന്നു വര്‍ഷം മുമ്പ് ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ബാലുവിനെതിരെ പോക്‌സോ കേസെടുക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയ ശേഷവും ഇവരുടെ ബന്ധം തുടര്‍ന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പെണ്‍കുട്ടി വിളിച്ചതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് ബാലു പൊലീസിനോട് പറഞ്ഞത്. വീട്ടിന് പുറകില്‍ രണ്ടു പേരെയും കണ്ട് ജയകുമാര്‍ പ്രകോപിതനാകുകയും വെട്ടുകത്തിയെടുത്ത് ബാലുവിനെ വെട്ടുകയുമായിരുന്നു. തലയ്ക്കും മുതുകിനുമാണ് വെട്ടേറ്റത്. വെട്ട് തടയാന്‍ ശ്രമിച്ച ജയകുമാറിന്റെ ഭാര്യയുടെ കൈക്കും പരിക്കേറ്റു. വെട്ടിയ ശേഷം വെട്ടികത്തിയുമായി വര്‍ക്കല നഗരത്തിലേക്ക് പോയ ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വര്‍ക്കല ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ബാലുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.