Sunday, May 19, 2024
keralaNewsObituary

രേഷ്മ ഒഴിവാക്കാന്‍ ശ്രമിച്ചു; പ്രതികാരമായി കൊല: അനുവിന്റെ കുറ്റസമ്മതക്കുറിപ്പ്

പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം പ്ലസ് ടു വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ബന്ധുവായ യുവാവിന്റെ കുറ്റസമ്മതക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. വണ്ടിപ്പാറയില്‍ രാജേഷ്‌ജെസി ദമ്പതികളുടെ മകള്‍ രേഷ്മ(17)യെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന നീണ്ടപാറ വണ്ടിപ്പാറയില്‍ അരുണ്‍(അനു28) താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയില്‍ നിന്നാണ് 10 പേജുള്ള കത്ത് പൊലീസിനു ലഭിച്ചത്. അരുണ്‍ സുഹൃത്തുക്കള്‍ക്ക് എഴുതിയ കത്താണിതെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ ഏതാനും ആഴ്ചകളായി തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതായും കത്തിലുണ്ട്. പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെയും ആരും കാണില്ലെന്നും കത്തില്‍ പറയുന്നു.

കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അരുണിന്റെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊബൈല്‍ ഫോണിലെ സിം ഉള്‍പ്പെടുന്ന ഭാഗം കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ഇന്നലെ പൊലീസിനു ലഭിച്ചു. ഫോണ്‍ ഒടിച്ചുകളഞ്ഞതാണെന്ന് പൊലീസ് പറയുന്നു. ഫോണിന്റെ ബാറ്ററിയും പിന്‍ഭാഗവും ശനിയാഴ്ച ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വീണ്ടും പരിശോധന നടത്തി. ഇന്നലെ പരിശോധന നടത്തിയ പൊലീസ് നായ ഇവിടെ നിന്നു പോയത് പ്രധാന റോഡിലേക്കാണ്. പ്രതി സംഭവത്തിനു ശേഷം റോഡിലേക്ക് കയറി രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

രേഷ്മയുടെ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇടതു കൈക്കും കഴുത്തിനും മുറിവുണ്ട്. ഉളി പോലുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് സംശയം. മരപ്പണിക്കാരനായ അരുണ്‍ ചെറിയ ഉളി എപ്പോഴും കയ്യില്‍ കരുതിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. രാജകുമാരിയില്‍ എത്തിയിട്ടു മാസങ്ങളായെങ്കിലും ഇയാള്‍ക്ക് ഇവിടെ ആരുമായും അടുത്ത ബന്ധമില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രേഷ്മയുടെ സംസ്‌കാര ചടങ്ങുകള്‍ കോതമംഗലം വടാട്ടുപാറയിലെ കുടുംബവീട്ടില്‍ നടത്തി. രേഷ്മ പഠിച്ചിരുന്ന ബൈസണ്‍വാലി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 4 ദിവസത്തേക്ക് അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.&ിയുെ; സ്‌കൂളും പരിസരവും അണുവിമുക്തമാക്കി. രേഷ്മയോടൊപ്പം 2 ബാച്ചുകളിലായി 80 വിദ്യാര്‍ഥികളാണ് പ്ലസ് ടു വിഭാഗത്തില്‍ ഉണ്ടായിരുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ഥികളെയും അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.