Tuesday, April 30, 2024
indiaNewspolitics

വധഭീഷണികള്‍ ഭയപ്പെടുത്തുന്നില്ല; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പാര്‍ലമെന്റ് അംഗവുമായ ഗൗതം ഗംഭീര്‍

വധഭീഷണികള്‍ ഭയപ്പെടുത്തുന്നില്ലെന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പാര്‍ലമെന്റ് അംഗവുമായ ഗൗതം ഗംഭീര്‍. ഭീഷണികള്‍ കാരണം തന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ലെന്നും ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ ഗംഭീര്‍ പറഞ്ഞു. തനിക്കു നേരെ ഉയര്‍ന്ന ഭീഷണിയില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പേരിലാണ് ഗംഭീറിനെതിരെ ഭീഷണി ഉയര്‍ന്നത്. ഡല്‍ഹി പൊലീസിനു ഗംഭീറിനെ രക്ഷിക്കാന്‍ സാധിക്കില്ലെന്നും താരത്തിനു ലഭിച്ച ഇ-മെയില്‍ ഭീഷണിയില്‍ പറയുന്നു. ഡല്‍ഹി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഭീകരസംഘടനയ്ക്കു ചാരന്‍മാരുണ്ട്. ഗംഭീറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഐസിസിനു ലഭിക്കുന്നുണ്ടെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. നേരത്തേ മറ്റൊരു വധഭീഷണി കൂടി ഗംഭീറിനെതിരെ ഉയര്‍ന്നിരുന്നു. ഗംഭീറിനെ വധിക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ താരം രക്ഷപ്പെട്ടു പോകുകയായിരുന്നെന്നുമാണ് ഈ സന്ദേശത്തിലുണ്ടായിരുന്നത്. ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കാനും കശ്മീര്‍ വിഷയത്തില്‍ ഒന്നും മിണ്ടരുതെന്നും ഭീഷണിയുണ്ടായിരുന്നു.