Saturday, May 4, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്ത് വക സ്ഥലത്തെ അനധികൃത നിര്‍മ്മാണം പൊളിച്ചു

എരുമേലി: എരുമേലി ഗ്രാമ  പഞ്ചായത്ത് വക സ്ഥലത്ത്  സ്വകാര്യവ്യക്തി കയ്യേറി നിർമ്മിച്ച ഷെഡ്  പഞ്ചായത്ത് അധികൃതർ പൊളിച്ചു.വർഷങ്ങളായി സ്വകാര്യ വ്യക്തി കയ്യേറിയ  എരുമേലി പഞ്ചായത്ത് ഓഫീസിന് സമീപത്തെ സ്ഥലത്തെ നിർമ്മാണമാണ് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനപ്രകാരം പൊളിച്ചതെന്നും എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.എരുമേലി ടൗണിൽ കോടികൾ വിലമതിക്കുന്ന മൂന്നര സെന്റിലധികം  ഭൂമിയാണിത്.
ഇന്ന് ഉച്ചയോടെയാണ് പഞ്ചായത്ത് അധികൃതരും – പോലീസും എത്തി ഇരുമ്പ് പൈപ്പുകൾ കൊണ്ട് നിർമ്മിച്ച  ഷെഡ് പൊളിച്ചുമാറ്റിയത്.
വർഷങ്ങളായി കെഎസ്ആർടിസി  ഡിപ്പോയുടെ പിന്നിലെ തോട്ടിൽ കൂടി ടൗണിൽ എത്തുന്ന ഈ വഴി സ്വകാര്യവ്യക്തി കയ്യേറിയതിനെരെ വ്യാപകമായ പ്രതിഷേധവും പരാതികളുമാണ് ഉയർന്നിരുന്നത്.പരാതികളുടെ അടിസ്ഥാനത്തിൽ  പല തവണ പഞ്ചായത്ത് വക ബോർഡും ഇവിടെ സ്ഥാപിച്ചിരുന്നു.ഈ ബോർഡ് മാറ്റിയാണ് സ്വകാര്യവ്യക്തി ഷെഡ് നിർമ്മിച്ചത്.വർഷങ്ങൾക്ക്  മുമ്പ് ഉണ്ടായിരുന്ന രണ്ട് കെട്ടിടങ്ങൾ, കെട്ടിടങ്ങളുടെ ഇടയിലൂടെ ആയിരുന്നു ഈ വഴി. കഴിഞ്ഞ ശബരിമല സീസണിലാണ് സ്വകാര്യ വ്യക്തി  സ്ഥലം കയ്യേറി ഷെഡ് നിർമ്മിച്ചത്.എരുമേലി പഞ്ചായത്തിൽ ഓട്ടോ സ്റ്റാൻഡ്,കുടുംബശ്രീ  ഹോട്ടൽ അടക്കം പദ്ധതികൾ നടത്താൻ വേണ്ടി ഈ സ്ഥലം പഞ്ചായത്ത് ലക്ഷ്യമിട്ടിരുന്നു.
എന്നാൽ സ്വകാര്യ വ്യക്തിയുടെ പഞ്ചായത്ത് വക സ്ഥലം കയ്യേറ്റത്തിന് പിന്നിൽ ചില പഞ്ചായത്ത് അംഗങ്ങളുടെ മൗനാനുവാദം ഉണ്ടെന്നും ആരോപണമുയർന്നിരുന്നു.എന്നാൽ  കഴിഞ്ഞ 22ന്  ചേർന്ന പഞ്ചായത്ത് കമ്മറ്റിയുടെ ഏകകണ്ഠമായ തീരുമാനപ്രകാരമാണ് ഇന്നത്തെ പൊളിക്കൽ നടപടിയെന്നും പ്രസിഡന്റ് കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.എന്നാൽ ഭൂമിക്ക് കരം അടയ്ക്കുന്നതായും തങ്ങളുടെ ഭൂമിയാണെന്നും സ്വകാര്യ വ്യക്തിയും  പറയുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുന്നതായും സ്വകാര്യ വ്യക്തി പറയുന്നു.എരുമേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിനോയി ഇലവുങ്കൽ, പഞ്ചായത്ത് അംഗം ലിസി സജി, പഞ്ചായത്ത് സെക്രട്ടറി വിൻസൻറ് ഡിസൂസ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.