Tuesday, May 21, 2024
keralaNews

ശബരിമലയില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍.

ശബരിമലയില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐ ഡി കാര്‍ഡ് ഉപയോഗിച്ച് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം. പത്ത് വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന വേണ്ട. മറ്റുള്ളവര്‍ ആര്‍ ടിപി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കരുതണം.ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണം, രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം, സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണം തുടങ്ങിയ കാര്യങ്ങള്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം ശബരിമല തീര്‍ത്ഥാടനം പ്രമാണിച്ച് കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ ടി സി സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചു. സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.