Friday, May 10, 2024
indiakeralaNewsworld

വണ്ടൂര്‍ ഐഎസ് കേസ്; പ്രതിയെ എന്‍ഐഎ കോടതി ശിക്ഷിച്ചു

കൊച്ചി: വണ്ടൂര്‍ ഐഎസ് കേസില്‍ പ്രതി കോഴിക്കോട് കൊടുവളളി സ്വദേശി അബു മറിയം എന്ന ഷൈബു നിഹാറിന് 23 വര്‍ഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ. വിവിധ വകുപ്പുകള്‍ പ്രകാരം വിധിച്ച ശിക്ഷ ഒരുമിച്ച് 5 വര്‍ഷം അനുഭവിച്ചാല്‍ മതി. കൊച്ചി എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.             ബഹ്റൈനിലും ഇന്ത്യയിലും ആയിരിക്കുമ്പോള്‍ സിറിയയിലെ ഐഎസ് മേഖലകളിലേക്ക് ഇവര്‍ യാത്ര ചെയ്തുവെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. 2017 ല്‍ യുഎപിഎ പ്രകാരം പിടികൂടിയ കണ്ണൂര്‍ സ്വദേശി യുകെ ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബഹ്റൈന്‍ കേന്ദ്രീകരിച്ചുളള മലയാളി ഐഎസ് ഭീകരരുടെ വിവരങ്ങള്‍ പോലീസ് കണ്ടെത്തിയത്. വണ്ടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2018 ല്‍ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു.                                                ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി പ്രകാരം ഗൂഢാലോചനയ്ക്ക് മൂന്ന് വര്‍ഷം കഠിനതടവും സെക്ഷന്‍ 125 പ്രകാരം അഞ്ച് വര്‍ഷവും യുഎപിഎ വകുപ്പുകളായ 38, 39 40 പ്രകാരം അഞ്ച് വര്‍ഷം കഠിനതടവും 10000 രൂപ പിഴയുമാണ് ശിക്ഷ. ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലായിരുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യല്‍, ഭീകര സംഘടനയില്‍ അംഗമാകുക, ഭീകരര്‍ക്ക് സഹായം നല്‍കുക, ഭീകരര്‍ക്കായി ഫണ്ട് ശേഖരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരുന്നത്. വിചാരണ വേളയില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.                                                        നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് സിറിയയ്ക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. ഷൈബു നിഹാര്‍ ഉള്‍പ്പെടെ ഏഴ് പേരായിരുന്നു പ്രതികള്‍. ബഹ്റൈനില്‍ പരസ്യ കമ്പനി നടത്തിയ ഷൈബു അവിടെ അല്‍ അന്‍സര്‍ സലഫി സെന്ററിലെ ഐഎസ് പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന 12 മലയാളികളില്‍ എട്ട് പേര്‍ പിന്നീട് സിറിയയില്‍ പോയി ഐഎസില്‍ ചേര്‍ന്നു.                                                                               2019 ഏപ്രിലില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഷൈബു നിഹാറിനെ എന്‍ഐഎ സംഘം പിടികൂടിയത്. 2019 ഒക്ടോബറില്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഐഎസ് ബന്ധമുളള മലയാളി ഭീകരര്‍ക്കെതിരായി കേരളത്തില്‍ വിധി പ്രസ്താവിക്കുന്ന ആറാമത്തെ കേസാണിത്.