Thursday, May 16, 2024
keralaNews

മുണ്ടിയെരുമയില്‍ വീടിനു സമീപം ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കും ഇരുചക്ര വാഹനത്തിനും സാമൂഹികവിരുദ്ധര്‍ തീയിട്ടു

മുണ്ടിയെരുമയില്‍ വീടിനു സമീപം ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കും ഇരുചക്ര വാഹനത്തിനും സാമൂഹികവിരുദ്ധര്‍ തീയിട്ടതായി പരാതി. 2 വാഹനങ്ങളും പൂര്‍ണമായി കത്തിനശിച്ചു. മുണ്ടിയെരുമ – കായംകുളംപടി റോഡില്‍ ബ്ലോക്ക് നമ്പര്‍ 196ല്‍ ജോണ്‍സന്റെ വാഹനങ്ങള്‍ക്കാണ് തീയിട്ടത്. വ്യാഴം രാത്രി എട്ടോടെയാണ് സംഭവം.

ജോണ്‍സനും കുടുംബാംഗങ്ങളും ഭക്ഷണം കഴിക്കുന്നതിനിടെ ഷെഡില്‍ നിന്നു തീ ഉയരുന്നത് കാണുകയായിരുന്നു. ഉടന്‍തന്നെ അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും വിവരം അറിയിച്ചതനുസരിച്ച് ഇവരെത്തിയാണ് തീ പൂര്‍ണമായി കെടുത്തിയത്. കത്തിനശിച്ച ഓട്ടോറിക്ഷയിലെ ബാറ്ററി മുന്‍പ് മോഷണം പോയിരുന്നു. ജോണ്‍സന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ജനുവരിയില്‍ തേഡ് ക്യാംപിലും തൂക്കുപാലത്തും സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു. ജനുവരി 29നു രാത്രി തേഡ് ക്യാംപില്‍ വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിച്ച ശേഷം വീടിനു സമീപത്തേക്ക് തള്ളിയിടുകയും സമീപത്തുണ്ടായിരുന്ന ഇരുചക്ര വാഹനം മറിച്ചിടുകയും ചെയ്തിരുന്നു. ജനുവരി 31ന് രാത്രിയില്‍ തൂക്കുപാലത്ത് വര്‍ക്ഷോപ്പില്‍ ഇട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും സാമൂഹിക വിരുദ്ധര്‍ തീവച്ചു നശിപ്പിച്ചിരുന്നു.