Monday, April 29, 2024
keralaNewspolitics

വട്ടിയൂര്‍ക്കാവില്‍ സിപിഎം ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സിപിഎം ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ നടപടി. രണ്ട് നേതാക്കളെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ്, എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

സംഭവം ചര്‍ച്ച ചെയ്യാന്‍ പാളയം ഏരിയാ സെക്രട്ടറി സി പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് നേതാക്കളെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ആറ് മാസത്തേക്കാണ് സസ്പെന്‍ഷന്‍ കാലാവധി. വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെയും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വട്ടിയൂര്‍ക്കാവിലെ സിപിഎം ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ആയിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി വാക്കുതര്‍ക്കം നിലനില്‍ക്കുകയായിരുന്നുവെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.