Sunday, May 5, 2024
keralaNews

ലോക്‌സഭ പ്രക്ഷുബ്ധം ;പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അനുനയനീക്കം

പെഗസസ് വിഷയത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ച്ചയില്ലാതെ നിലയുറപ്പിക്കവെ പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അനുനയനീക്കം തുടങ്ങി. സഭയുടെ അന്തസ് ഹനിക്കരുതെന്നും മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും പ്രതിപക്ഷത്തിന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധങ്ങളില്‍ മുങ്ങി ഇരുസഭകളും ഇന്നും തടസപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും പ്രഹ്ലാദ് ജോഷിയും പ്രതിപക്ഷ നേതാക്കാളുമായി ചര്‍ച്ച നടത്തി സഭാസ്തംഭനം ഒഴിവാക്കണമെന്നും നിര്‍ണായക ബില്ലുകള്‍ പാസാക്കാന്‍ സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. പെഗസസ് വിവാദം, കര്‍ഷിക പ്രതിഷേധം, വിലക്കയറ്റം എന്നിവ അടിയന്തരമായി ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കടലാസ് കീറിയെറിഞ്ഞ് അടക്കം സഭയില്‍ ഇന്നലെയുണ്ടായ പ്രതിഷേധത്തില്‍ സ്പീക്കര്‍ ഓം ബിര്‍ല കടുത്ത അമര്‍ഷമാണ് പ്രകടിപ്പിച്ചത്.പ്രതിപക്ഷ നേതാക്കളുടെ അടിയന്തരപ്രമേയ നോട്ടിസ് തുടര്‍ച്ചയായി തള്ളുന്നത് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി. മോശമായി പെരുമാറിയ പ്രതിപക്ഷ അംഗങ്ങള്‍ ആദ്യം മാപ്പുപറയണമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ സമയം പാഴാക്കാതെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പെഗസസ് പോലെ ഇല്ലാത്ത പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും രാഹുലിന് പക്വതയില്ലെന്നും പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിഎസ്പി, അകാലദികള്‍ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു. ടിഎംസി എംപി മഹുവ മൊയ്ത്ര തന്നെ ബിഹാറിലെ ഗുണ്ടയെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ബിജെപി എംപി നിശികാന്ത് ദുബെ സ്പീക്കര്‍ക്ക് പരാതി നല്‍കി