Friday, April 26, 2024
keralaNews

പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു.

സംസ്ഥാനത്ത് അതിശക്തമായ മഴ. പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി. ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണം. മണിമലയാറ്റിലും ജലനിരപ്പുയരുകയാണ്.മണിമലയാറ്റില്‍ കടൂര്‍ കടവ്, കോട്ടാങ്ങല്‍ മേഖലകളില്‍ ആറ്റിലെ ജലം തോടുകളിലേക്കു കയറുന്നു.

റാന്നിയില്‍ പലയിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. കുടമുട്ടി റോഡ് തകര്‍ന്നു. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു.കോന്നി കല്ലേല്ലി, വയക്കര ഭാഗങ്ങളില്‍ അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുന്നു. മന്ത്രി വീണ ജോര്‍ജ് വൈകാതെ സ്ഥലം സന്ദര്‍ശിക്കും.അറയാഞ്ഞിലിമണ്‍ കോസ്വേ മുങ്ങി. പന്തളത്ത് കരിങ്ങാലി പാടത്ത് വെള്ളമുയര്‍ന്നു, നാഥനടി, ചെറുമല ഭാഗങ്ങളില്‍ ജാഗ്രത. മൂഴിയാറില്‍ മലവെള്ളത്തില്‍ തടിപിടിക്കാന്‍ ചാടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. 2 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ആന്ധ്രപ്രദേശിനും വടക്കന്‍ തമിഴ്നാടിനും സമീപത്തായി മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍, ഞായറാഴ്ച വരെ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്.