Monday, April 29, 2024
Newsworld

റഷ്യയോട് അടിയറവ് പറയില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി

യുക്രെയിനില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ശക്തമായ ആക്രമണം തുടര്‍ന്ന് റഷ്യ. തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കത്തിലാണ് റഷ്യ. കീവില്‍ അഞ്ച് സ്‌ഫോടനങ്ങളാണ് ഇന്ന് രാവിലെ ഉണ്ടായത്. തെരുവുകളില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാണ്. റഷ്യയോട് അടിയറവ് പറയില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.കീവിലെ വിക്ടറി അവന്യൂവില്‍ സൈനിക യൂണിറ്റിന് നേരെ ആക്രമണമുണ്ടായി. എന്നാല്‍ യുക്രെയ്ന്‍ സൈന്യം ഇവിടെ ശക്തമായ പ്രതിരോധം തീര്‍ത്തു. കീവിനടുത്ത് റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടെന്ന് യുക്രെയിന്‍ സേന അവകാശപ്പെട്ടു. ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് ചരക്ക് കപ്പലുകള്‍ തകര്‍ന്നതായാണ് വിവരം. മാള്‍ഡോവ, പനാമ കപ്പലുകളാണ് തകര്‍ത്തത്. മെട്രോ സ്റ്റേഷനില്‍ നടന്ന സ്‌ഫോടനത്തില്‍ സ്റ്റേഷന്‍ തകര്‍ന്നു. വൈദ്യുത നിലയത്തിന് സമീപം മൂന്ന് മിനിട്ടിനുള്ളില്‍ അഞ്ച് സ്ഫോടനമുണ്ടായി. കാര്‍കീവില്‍ സ്‌ഫോടന പരമ്പരങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. റഷ്യക്കെതിരെ ആയുധം താഴെവെയ്ക്കില്ലെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നില്‍നിന്ന് ചിത്രീകരിച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്നത് വ്യാജ പ്രചാരണമെന്നത് അദ്ദേഹം സ്ഥീരീകരിച്ചത്.
യുക്രെയ്‌നില്‍ നിന്ന് രക്ഷപ്പെടാനുള്ള അമേരിക്കയുടെ സഹായ വാഗ്ദാനവും സെലന്‍സ്‌കി നിരസിച്ചു. അവസാനഘട്ടം വരെ യുക്രെയ്‌നില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്‌കി അറിയിച്ചു. കീവില്‍ തന്നെയുണ്ടെന്ന്അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. യുക്രെയിനുമേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യോമപാത നിരോധിച്ചു.