Tuesday, May 14, 2024
indiakeralaNews

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി.

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ധനസഹായ തുകയില്‍ ആറാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിനു നിര്‍ദേശം നല്‍കി. ധനസഹായം എത്രവേണം എന്നുള്ളത് കോടതി കേന്ദ്ര തീരുമാനത്തിനു വിട്ടു. ജഡ്ജിമാരായ അശോക് ഭൂഷന്‍, എം.ആര്‍. ഷാ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 3.9 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരണമടഞ്ഞത്.
ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ ധനസഹായം ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ഉത്തരവാദിത്തമുണ്ട്. ധനസഹായം നല്‍കാത്തതിലൂടെ അവര്‍ ആ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ദുരന്ത നിവാരണ നിയമത്തിന്റെ 12ാം വകുപ്പ് പ്രകാരം ധനസഹായം കൊടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ 12ാം വകുപ്പ് നിര്‍ബന്ധിതമാക്കേണ്ടതല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ കോടതി അതു തള്ളിക്കളഞ്ഞു.ഗൗരവ് കുമാര്‍ ബന്‍സലും റീപക് കന്‍സലും നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ നിര്‍ദേശം. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.