Sunday, May 5, 2024
indiaNewspolitics

രാഹുല്‍ ഗാന്ധിയുടെ മോദി വിമര്‍ശനം കോണ്‍ഗ്രസ് ടൂള്‍കിറ്റിന്റെ ഭാഗം: പ്രകാശ് ജാവദേക്കര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കോണ്‍ഗ്രസ് ടൂള്‍കിറ്റിന്റെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. രാഹുലിന്റെ പരാമര്‍ശം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള കോണ്‍ഗ്രസ് ടൂള്‍കിറ്റിനെ സ്ഥിരീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാഹുലിന്റെ വിമര്‍ശനങ്ങള്‍ വിലയേറിയ ഇന്റര്‍നെറ്റ് ബാന്‍ഡ്വിഡ്ത്തിന്റെ പാഴാക്കലാണെന്നായിരുന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പരിഹാസം. ഉത്തരവാദിത്തമുള്ള പൗരന്മാര്‍ അവരുടെ വീടുകളിലിരുന്ന ജോലി ചെയെത് സമ്പദ് വ്യവസ്ഥയുടെ ചക്രങ്ങള്‍ തിരിക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്‌പോള്‍ രാഹുല്‍ ഗാന്ധിയുടെ വിവേകശൂന്യവും ബുദ്ധിശൂന്യവും അര്‍ഥശൂന്യവുമായ കുറ്റപ്പെടുത്തലിന്റെ ഏക ഫലം ഈ വിലയേറിയ വിഭവത്തിന്റെ പാഴാക്കലാണെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ സമീപനം മാറ്റിയില്ലെങ്കില്‍ രാജ്യം മൂന്നും നാലും അഞ്ചും കോവിഡ് തരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി തന്ത്രപരമായി ചിന്തിക്കുന്നേയില്ല. അദ്ദേഹം ഒരു ഇവന്റ് മാനേജറാണ്. ഈയവസരത്തില്‍ നമുക്ക് സംഭവങ്ങളല്ല, നയങ്ങളാണ് വേണ്ടത്. മനുഷ്യര്‍ മരിച്ചുവീഴുന്ന ഈ സന്ദര്‍ഭത്തിലെങ്കിലും മോദി ഒരു വാക്‌സിന്‍ നയം രൂപീകരിക്കണം- വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.