Sunday, May 5, 2024
keralaNews

രാജ്യത്ത് കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രികളില്‍ ചികിത്സ തേടാന്‍ കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം ആവശ്യമില്ലെന്ന് മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഒരു തരത്തിലുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി രോഗികള്‍ക്കു ചികിത്സ നിഷേധിക്കരുത്. മറ്റു നഗരങ്ങളില്‍നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാതെ ഒഴിവാക്കാനും ആശുപത്രികള്‍ക്കു കഴിയില്ല. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകഴിഞ്ഞു. കോവിഡ് ചികിത്സയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

  പുതിയ നിര്‍ദേശങ്ങള്‍

  •  ഒരാളെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് പോസിറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ആവശ്യമില്ല. രോഗമുണ്ടെന്നു സംശയമുള്ളയാളെ സസ്പെക്ട് വാര്‍ഡില്‍ പ്രവേശിപ്പിക്കണം.
  • ഒരു രോഗിക്കു പോലും ചികിത്സാ സൗകര്യം നിഷേധിക്കാന്‍ പാടില്ല. മറ്റു നഗരത്തില്‍നിന്ന് എത്തിയ ആള്‍ ആയാല്‍ പോലും മരുന്ന്, ഓക്സിജന്‍ തുടങ്ങിയവ നല്‍കിയിരിക്കണം.
  •  ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തിരിച്ചറിയില്‍ രേഖ കൈവശം ഇല്ലെന്ന കാരണം പറഞ്ഞ് രോഗിക്ക് അഡ്മിഷന്‍ നിഷേധിക്കരുത്.
  • രോഗാവസ്ഥയും മുന്‍ഗണനയും നോക്കി വേണം രോഗികളെ പ്രവേശിപ്പിക്കാന്‍. കിടത്തി ചികിത്സ ആവശ്യമില്ലാത്തവര്‍ ബെഡ്ഡുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പു വരുത്തണം. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു മാത്രമേ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പാടുള്ളു.

ചെറിയ ലക്ഷണങ്ങളുള്ള രോഗികളെ ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, സ്റ്റേഡിയങ്ങള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കണമെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് ഇതര രോഗികളെ ചികിത്സിക്കുന്ന ആശുപത്രികള്‍ അവസാനഘട്ടമെന്ന നിലയില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കാം. ഗുരുതര ലക്ഷണം ഉള്ളവരെ ഓക്സിജന്‍ സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഡെഡിക്കേറ്റഡ് കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.