Friday, April 19, 2024
News

മെത്രാപ്പോലീത്ത തിരുമേനി, രാഷ്ട്രത്തിന്റെ വിശാല താല്പര്യങ്ങളുടെ പരിരക്ഷണത്തിന് വേണ്ടി ശബ്ദിച്ച വ്യക്തി ; കുമ്മനം രാജശേഖരന്‍.

മതഭേദ ചിന്തകള്‍ക്കതീതമായി രാഷ്ട്രത്തിന്റെ വിശാല താല്പര്യങ്ങളുടെ പരിരക്ഷണത്തിന് വേണ്ടി ശബ്ദിച്ച വ്യക്തിയായിരുന്നു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത തിരുമേനിയെന്ന് ബിജെപി മുതിര്‍ന്ന നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍.ചിരിക്കാനും ചിന്തിക്കാനും ആശയത്തിന്റെ നറുമുത്തുകള്‍ വാരിവിതറി ഏവരേയും രസിപ്പിക്കുകയും പ്രചോദിതരാക്കുകയും ചെയ്ത തിരുമേനി എന്നും ജനമനസില്‍ ഉജ്ജ്വല വികാരമായി ജ്വലിച്ചു നില്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

സര്‍വ്വാദരണീയന് നമോവാകം

നര്‍മ്മസൗരഭ്യം പരത്തിയ വാക്കുകള്‍ ബാക്കിയാക്കി മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത തിരുമേനി യാത്രയായി. ചിരിക്കാനും ചിന്തിക്കാനും ആശയത്തിന്റെ നറുമുത്തുകള്‍ വാരിവിതറി ഏവരേയും രസിപ്പിക്കുകയും പ്രചോദിതരാക്കുകയും ചെയ്ത തിരുമേനി എന്നും ജനമനസില്‍ ഉജ്ജ്വല വികാരമായി ജ്വലിച്ചു നില്‍ക്കും.

ജന്മദിനവാര്‍ഷികങ്ങള്‍ ബന്ധുക്കളുടേയും അടുപ്പക്കാരുടേയും ആഘോഷമാക്കുന്നതിലല്ല , ദുര്‍ബലരും നിര്‍ദ്ധനരുമായി സന്തോഷം പങ്കുവെക്കാനുള്ള അവസരമാക്കി മാറ്റുന്നതിലായിരുന്നു താല്പര്യം.മാനവികതയുടെ ഉദാത്ത മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി.

ഒരിക്കല്‍ ആറന്മുള ശബരി ബാലാശ്രമത്തില്‍ കുട്ടികളോടൊപ്പം ജന്മദിനാഘോഷത്തില്‍ പങ്കെടുത്തത് ഇപ്പോഴും മരിക്കാത്ത ഓര്‍മ്മയായി അവശേഷിക്കുന്നു.സാമൂഹ്യ തിന്മകളെ തന്റെ മൂര്‍ച്ഛയേറിയ ഫലിത പ്രയോഗങ്ങള്‍ കൊണ്ട് എതിരിട്ടു. തെറ്റ് ചെയ്യുന്നവരോട് പുഞ്ചിരിച്ചുകൊണ്ട് സ്‌നേഹപൂര്‍ണമായ ഭാഷയില്‍ സംവദിച്ചു. അങനെ ഒരു അജാത ശത്രുവായി പൊതുസമൂഹത്തില്‍ സര്‍വ്വസമ്മതനായി നിലകൊണ്ടു.

മതഭേദ ചിന്തകള്‍ക്കതീതമായി രാഷ്ട്രത്തിന്റെ വിശാല താല്പര്യങ്ങളുടെ പരിരക്ഷണത്തിന് വേണ്ടി ശബ്ദിച്ചു. പതിവ് കീഴ്വഴക്കങ്ങളില്‍ നിന്നും വ്യത്യസ്തമായി അമൃതാനന്ദമയി മഠം , ശ്രീരാമകൃഷ്ണ ആശ്രമം , ക്ഷേത്രങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞ വലിയ മനസ്സിന്റെ ശ്രേഷ്ഠ പുരുഷനായിരുന്നു തിരുമേനി.

ആ ധന്യ സ്മരണയ്ക്ക് മൂന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.