Friday, May 17, 2024
EntertainmentkeralaNews

ഫിയോക്കില്‍ നിന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു.

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. രാജിക്കത്ത് സംഘടനാ അദ്ധ്യക്ഷനായ ദിലീപിന് കൈമാറി. പുതിയ മോഹന്‍ലാല്‍ ചിത്രം മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് രാജി.ഫിയോക്ക് വൈസ് ചെയര്‍മാനാണ് ആന്റണി പെരുമ്പാവൂര്‍. ഉച്ചയ്ക്ക് ഫിയോക്കിന്റെ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് ആന്റണി പെരുമ്പാവൂര്‍ രാജിക്കത്ത് കൈമാറിയത്. മരയ്ക്കാര്‍ സിനിമ ഒടിടി റിലീസിന് നല്‍കരുതെന്ന കാര്യം തന്നോട് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്നും, താന്‍ രാജിവയ്ക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. രാജിക്കത്ത് യോഗത്തില്‍ ദിലീപ് മറ്റ് അംഗങ്ങള്‍ക്ക് മുന്‍പാകെ വായിച്ചു.കഴിഞ്ഞ ദിവസങ്ങളിലും തിയറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിയോക് യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഈ യോഗങ്ങളിലൊന്നും തന്നെ ആന്റണി പെരുമ്പാവൂര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ തന്നെ അദ്ദേഹം ഫിയോക് വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.മരയ്ക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിബന്ധനകളാണ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ചിരുന്നത്. റിലീസിന് മുന്‍പായി 50 കോടി രൂപ തിയറ്ററുകള്‍ നല്‍കണമെന്നതാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രധാന ആവശ്യം.അതോടൊപ്പം സിനിമ തീയേറ്ററുകളില്‍ 25 ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നല്‍കണം. ഒരോ തീയേറ്ററില്‍ നിന്നും 25 ലക്ഷം നല്‍കണം. നഷ്ടം വന്നാല്‍ ആ പണം തിരികെ നല്‍കില്ല. ലാഭം വന്നാല്‍ ലാഭ വിഹിതം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ചിരുന്നു.