Monday, April 29, 2024
EntertainmentNews

രാജമൗലിയുടെ ആര്‍ആര്‍ആര്‍ 500 കോടി ക്ലബ്ബില്‍

രാജമൗലിയുടെ ആര്‍ആര്‍ആര്‍ ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡ്. മാര്‍ച്ച് 25 ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം കൊണ്ട് 500 കോടി നേടിക്കൊണ്ടാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.

എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. രാജമൗലിയുടെ അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന ‘ആര്‍ആര്‍ആറി’ല്‍ അഭിനയിക്കുന്നുമുണ്ട്.

1920 പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.

രാജമൗലിയുടെ അവസാന ചിത്രമായ ബാഹുബലി 2ന്റെ റെക്കോര്‍ഡും ജൂനിയര്‍ എന്‍ടിആര്‍-റാം ചരണ്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ ചിത്രം തിരുത്തി. മൂന്ന് ദിവസം കൊണ്ട് 500 കോടി എത്തിച്ച ആര്‍ആര്‍ആര്‍ ആഗോള സിനിമാ ലോകത്ത് നമ്പര്‍ വണ്‍ സിനിമ എന്ന തലത്തിലേക്കാണ് എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ആര്‍ആര്‍ആര്‍ 60 മില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിയപ്പോള്‍ ഒപ്പം റിലീസ് ചെയ്ത ദി ബാറ്റ്മാന്‍ 45.5 മില്യണ്‍ ഡോളറും, ദി ലോസ്റ്റ് സിറ്റി 35 മില്യണ്‍ ഡോളറുമാണ് നേടിയത്. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ 223 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.