Wednesday, May 1, 2024
EntertainmentkeralaNews

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ മുസ്ലീം പെണ്‍കുട്ടിക്ക് ഭരണ സമിതിയുടെ വിലക്ക്

തൃശ്ശൂര്‍: ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ പാസായ മുസ്ലീം പെണ്‍കുട്ടിയ്ക്ക് ക്ഷേത്രോത്സവത്തില്‍ ക്ഷേത്രകല അവതരിപ്പിക്കാന്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിന്റെ വിലക്ക്.

സിപിഎം നേതാവ് യു.പ്രദീപ് മേനോനാണ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍.മന്‍സിയ എന്ന കലാകാരിയ്ക്കാണ് ദേവസ്വം വില്‍ക്കേര്‍പ്പെടുത്തിയത്.

ഏപ്രില്‍ 21ന് ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ മന്‍സിയക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ദേവസ്വം ഭാരവാഹികളില്‍ ഒരാള്‍ ഇക്കാര്യം വിളിച്ചറിയിച്ചതെന്നാണ് മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

അഹിന്ദു ആയതിനാലാണ് നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചതെന്നാണ് നര്‍ത്തകി മന്‍സിയയുടെ പരാതി.

മലപ്പുറം വള്ളുവമ്പ്രത്ത് സ്വദേശിയായ മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഏറെ വിവേചനം നേരിട്ട മുസ്ലിം പെണ്‍കുട്ടിയാണ്. മതതീവ്രവാദികള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ രക്ഷിതാക്കളുടെ പിന്തുണയിലാണ് മന്‍സിയ ഉറച്ചുനിന്നത്.അടുത്ത കാലത്ത് ശ്യാം കല്യാണ്‍ എന്ന ഹിന്ദു യുവാവിനെ മന്‍സിയ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യവും ഉണ്ടായതായി മന്‍സിയ പറയുന്നു.

സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരം മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.കാന്‍സര്‍ ബാധിച്ച് മരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് വിലക്കുകളും മന്‍സിയയുടെ കുടുംബം നേരിട്ടിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എംഎ ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെയാണ് മന്‍സിയ പാസായത്.
കലാകാരിക്ക് മതത്തിന്റെ പേരില്‍ നൃത്തോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ദേവസ്വം നടപടി ഹിന്ദു സമൂഹത്തിനാകെ അപമാനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു പറഞ്ഞു.

യേശുദാസിനും കലാമണ്ഡലം ഹൈദരാലിക്കും വേദിയൊരുക്കിയ ക്ഷേത്രാങ്കണങ്ങളില്‍ ഒരു ഹിന്ദുവിനെ വിവാഹം ചെയ്ത് കലയെ മാത്രം ഉപാസിക്കുന്ന മാന്‍സിയക്ക് വിലക്കേര്‍പ്പെടുത്തിയതും മതം മാറിയോ എന്ന് ചോദിച്ചതും സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു