Sunday, May 5, 2024
keralaNews

രണ്ടാം വിവാഹത്തിന് കുടുംബം എതിര്‍ത്തു, വൈദ്യുതി പോസ്റ്റില്‍ കയറി 60കാരന്റെ ആത്മഹത്യ ഭീഷണി

രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല, 60കാരന്‍ വൈദ്യുതി പോസ്റ്റിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സോഭരന്‍ സിംഗ് എന്ന 60കാരനാണ് പോസ്റ്റിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്ക് ഭാര്യയെ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്ന സോഭരന്‍ സിംഗ് ഏകാന്ത ജീവിതത്തില്‍ മടുത്തിരുന്നു. എന്നാല്‍ പുനര്‍വിവാഹം ചെയ്യാനുള്ള ഇദ്ദേഹത്തിന്റെ ആഗ്രഹത്തെ കുടുംബാംഗങ്ങളും ബന്ധുക്കളും എതിര്‍ത്തു.

ഇത്രയും പ്രായമായയാള്‍ വീണ്ടും വിവാഹിതനാകുന്നത് ശരിയല്ലെന്നാണ് കുടുംബാംഗങ്ങളുടെ അഭിപ്രായം. ബന്ധുക്കളുടെ എതിര്‍പ്പ് മറികടക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ധോല്‍പൂരിലെ 11 കെവി വൈദ്യുതി പോസ്റ്റില്‍ കയറി ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഈ സമയത്ത് ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കുടുംബാംഗങ്ങള്‍ വൈദ്യുതി വകുപ്പിനെ വിവരം അറിയിച്ചിരുന്നുവെന്ന് ആജ് തക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇയാള്‍ക്ക് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. എന്നാല്‍ സോഭരന്റെ ജീവിതത്തിലെ ഏകാന്തത നികത്താന്‍ ഇവര്‍ക്കായില്ല. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യ ഭീഷണി എന്ന വഴി സോഭരന്‍ തിരഞ്ഞെടുത്തത്. പല തവണ മക്കളോട് വിവാഹ കാര്യത്തെക്കുറിച്ച് ഇയാള്‍ സംസാരിച്ചിരുന്നു. എന്നാല്‍ വിവാഹം കഴിക്കാനുള്ള ഇദ്ദേഹത്തിന്റെ ആഗ്രഹത്തെ മക്കള്‍ ശക്തമായി എതിര്‍ത്തു.സോഭരനെ അനുനയിപ്പിക്കാനും സുരക്ഷിതമായി താഴെ ഇറക്കാനും ആളുകള്‍ തടിച്ചുകൂടി. പോസ്റ്റിന് മുകളിലേയ്ക്ക് കയറിയ മറ്റൊരാളുടെ സഹായത്തോടെയാണ് അദ്ദേഹത്തെ ഒടുവില്‍ താഴെയിറക്കിയത്. എന്നാല്‍ പോസ്റ്റില്‍ നിന്ന് താഴെ ഇറങ്ങിയതിന് ശേഷവും താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തനിയ്ക്ക് ഒരു ജീവിത പങ്കാളിയെ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന്റെ ആഗ്രഹം ഇനിയെങ്കിലും മക്കള്‍ നടത്തി കൊടുക്കുമോയെന്ന് കണ്ടറിയണം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ്് പത്തനംതിട്ടയില്‍ വൈദ്യുത പേസ്റ്റില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ നാട്ടുകാരും അഗ്നിശമന സേന ജീവനക്കാരും ചേര്‍ന്ന് താഴെ ഇറക്കിയിരുന്നു. കെഎസ്ഇബിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവിടേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ചെങ്കിലും ഇയാള്‍ പോസ്റ്റില്‍ നിന്നും താഴെയിറങ്ങാന്‍ തയാറായില്ല. വൈദ്യുതി ഇല്ലെന്നു മനസിലായതോടെ പോസ്റ്റില്‍ നിന്നും താഴേക്ക് ചാടി മരിക്കുമെന്നായി യുവാവിന്റെ ഭീഷണി. ഇതിനിടെ തന്റെ ഭാര്യ വന്നു പറഞ്ഞാല്‍ താഴെ ഇറങ്ങാമെന്ന് ഇയാള്‍ നാട്ടുകാരെ അറിയിച്ചു. പ്രദേശവാസികളിലാരോ ഭാര്യയെ വാടകവീട്ടില്‍ നിന്നു കൂട്ടിവന്നു. ഭാര്യ സ്ഥലത്തെത്തിയതോടെ അവര്‍ക്കു നേരെ അസഭ്യ വര്‍ഷം തുടര്‍ന്നു. ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കുകയും ചെയ്തു.ഇതുകേട്ട ഭാര്യ ബോധംകെട്ട് വീണു. അവരെ ഉടന്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ സ്ഥലത്തെത്തിയ അഗ്നിശമനസേന വലയുമായെത്തി യുവാവിനെ വലിച്ചു താഴേയ്ക്കിട്ടു. വലയിലേക്കു വീണ ഇയാള്‍ക്കെതിരെ നാട്ടുകാര്‍ സംഘടിച്ചെത്തിയെങ്കിലും പൊലീസ് സുരക്ഷയില്‍ ആശുപത്രിയിലേക്ക് മാറ്റി.