Friday, May 17, 2024
indiaNewspolitics

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ആര്‍പിഎന്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശ്:കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ആര്‍പിഎന്‍ സിംഗ് (രതന്‍ജിത് പ്രതാപ് നരേണ്‍ സിംഗ്) കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു.ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും പാര്‍ട്ടി അദ്ധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗും ചേര്‍ന്ന് ആര്‍പിഎന്‍ സിംഗിനെ സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂര്‍, ജ്യോതിരാദിത്യ സിന്ധ്യ, സംസ്ഥാന ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 1996ല്‍ കോണ്‍ഗ്രസ് എംഎല്‍എയായ ആര്‍പിഎന്‍ സിംഗ് യൂത്ത് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഘടകത്തിന്റെ അദ്ധ്യക്ഷനായി വളരെ കാലം പ്രവര്‍ത്തിച്ചു. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള അദ്ദേഹം 2012 -14 വരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു.                                              എന്നാല്‍ 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. 2003-2006 വരെ അദ്ദേഹം എഐസിസി സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്.കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചുകൊണ്ട് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്ത് ആര്‍പിഎന്‍ സിംഗ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

‘രാജ്യമെമ്പാടും റിപബ്ലിക് ദിനാഘോഷ പരിപാടികളില്‍ മുഴുകിയിരിക്കുകയാണ്. ഈ ആഘോഷവേളയില്‍ ഞാനെന്റെ ജീവിതത്തില്‍ വലിയൊരു രാഷ്ട്രീയ ആദ്ധ്യായം തുടങ്ങിയിരിക്കുകയാണ്, ജയ് ഹിന്ദ്..’ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലുള്ള വിവരങ്ങളും അദ്ദേഹം മാറ്റിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ യുപിയിലെ താരപ്രചാരക പട്ടികയില്‍ ആര്‍പിഎന്‍ സിംഗും ഉള്‍പ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ആര്‍പിഎന്‍ സിംഗിന്റെ ബിജെപി പ്രവേശനം.