Sunday, May 5, 2024
keralaNewspolitics

രണ്ടാം പിണറായി മന്ത്രിസഭ ഇന്നു മൂന്നരയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും.

തുടര്‍ഭരണമെന്ന ചരിത്രനേട്ടത്തോടെ 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭ ഇന്നു മൂന്നരയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു. സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് രാജ്ഭവനിലെ ചായസല്‍ക്കാരം കഴിഞ്ഞാകും സെക്രട്ടേറിയറ്റില്‍ മന്ത്രിസഭാ യോഗം.

സത്പ്രതിജ്ഞയ്ക്കു മുന്നോടിയായി രാവിലെ മുഖ്യമന്ത്രിയും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി വ്യവസായമന്ത്രി തങ്കം തേനരശ് എത്തിയേക്കും. ബംഗാളും പ്രതിനിധിയെ അയയ്ക്കുന്നുണ്ട്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും മറ്റു പൊളിറ്റ്ബ്യൂറോ അംഗങ്ങളും പ്രമുഖ നേതാക്കളും സ്ഥാനമൊഴിയുന്ന മന്ത്രിമാരും എല്‍ഡിഎഫ് എംഎല്‍എമാരുമടക്കം അഞ്ഞൂറില്‍ താഴെപ്പേരെയാണു പ്രതീക്ഷിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ അവഗണിച്ച് ചടങ്ങു വിപുലമാക്കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാരും നേതാക്കളും നേരിട്ടെത്തില്ല. പകരം ഓണ്‍ലൈനായി കാണും.