Sunday, April 28, 2024
indiaNews

രണ്ടാം കുത്തിവയ്പ്പിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്തെന്ന് കേന്ദ്രസര്‍ക്കാര്‍

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം കുത്തിവയ്പ്പിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്തെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിയെ അറിയിച്ചു. വാക്‌സിന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.തൊഴിലാളികള്‍ക്കു രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ അനുമതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലെ വാദത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഫലപ്രാപ്തിയാണോ അതോ ലഭ്യതയാണോ ഈ ഇടവേള നിശ്ചയിച്ചതിനു പിന്നിലെ മാനദണ്ഡമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്‌സ് കോടതിയെ സമീപിച്ചത്. 93 ലക്ഷം രൂപ ചിലവില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നല്‍കാത്തത് നീതി നിഷേധമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. അനുമതിക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്‌സിന്‍ കുത്തിവെപ്പ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാല്‍ നാലുമുതല്‍ ആറാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു ആദ്യത്തെ മാഗനിര്‍ദേശം. പിന്നീടത് 45 ദിവസം എന്നാക്കി മാറ്റി. ഇപ്പോള്‍ 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.അതിനിടെ രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് കണ്ണൂര്‍ സ്വദേശിയുടെ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.രണ്ട് ഡോസ് കൊവാക്‌സിന്‍ എടുത്തതിനാല്‍ സൗദിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശിയാണ് കോടതിയെ സമീപിച്ചത്.രാജ്യത്ത് രണ്ടു ഡോസ് വാകിസിനെടുക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളുമാണ് പൂര്‍ത്തിയായിരിക്കുന്നത്. മൂന്നാം ഡോസിന്റെ കാര്യത്തില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ കഴിയും.അനുമതിക്കായി ഹര്‍ജിക്കാരന്‍ കാത്തിരിയ്‌ക്കേണ്ടി വരുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

സംസ്ഥാനത്ത് വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഇപ്പോഴും ഡി.സി.സി.കള്‍ ലഭ്യമാണ്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.