Sunday, April 28, 2024
keralaNews

രഖില്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടിയുള്ള പൊലീസ് അന്വേഷണം കേരളത്തിന് പുറത്തേക്കും.

കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖില്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടിയുള്ള പൊലീസ് അന്വേഷണം കേരളത്തിന് പുറത്തേക്കും. രഖില്‍ തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്നുമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖില്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്റര്‍നെറ്റ് നിന്നാണ് തോക്ക് ബിഹാറില്‍ കിട്ടുമെന്ന് രഖില്‍ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖില്‍ നാലിടങ്ങളിലായി 8 ദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്. മാനസയുടെ കുടുംബം നല്‍കിയ പരാതിയില്‍ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാര്‍ യാത്ര.കൊല നടത്താന്‍ രഖില്‍ ഉപയോഗിച്ചത് പഴയ തോക്കാണ്. 7.62 എംഎം പിസ്റ്റളില്‍ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാന്‍ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖില്‍ പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. കൊല്ലപ്പെട്ട മാനസയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം കണ്ണൂരിലേക്ക് കൊണ്ട് പോയി.