Friday, May 3, 2024
keralaNewspolitics

യു ഡി എഫ് വിട്ടുനിന്നു, പത്തനംതിട്ടയില്‍ എസ് ഡി പി ഐ പിന്തുണയോടെ എല്‍ ഡി എഫ് പഞ്ചായത്ത് ഭരണം പിടിച്ചു.

പത്തനംതിട്ടയില്‍  എസ് ഡി പി ഐ പിന്തുണയോടെ എല്‍ ഡി എഫ് പഞ്ചായത്ത് ഭരണം പിടിച്ചു. പത്തനംതിട്ട ജില്ലയിലെ കോടാങ്ങല്‍ പഞ്ചായത്തിലാണ് എസ് ഡി പി ഐ പിന്തുണയോട സി പി എമ്മിലെ ബിനു ജോസഫ് പ്രസിഡന്റായത്.രണ്ട് അംഗങ്ങളുള്ള യുഡിഫ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു. മുന്‍പ് രണ്ടുതവണ തിരഞ്ഞെടുപ്പ് നടന്നപ്പോഴും എസ് ഡി പി ഐ പിന്തുണച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ ഭരണം ബി ജെ പിയ്ക്ക് ലഭിച്ചിരുന്നു. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടു നിന്നതോടെയാണ് ബി ജെ പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.

ബിന്ദു പ്രദീപാണ് പുതിയ പ്രസിഡന്റ്. സ്വതന്ത്ര അംഗം ബി ജെ പിയെ പിന്തുണയ്ക്കുകയായിരുന്നു. ഒരു എല്‍ ഡി എഫ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇത് മൂന്നാം തവണയാണ് പഞ്ചായത്തില്‍ പ്രസിഡന്റ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ രണ്ട് തവണ സി പി എമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്റ് ആയെങ്കിലും പാര്‍ട്ടി നിര്‍ദേശ പ്രകാരം രാജിവയ്ക്കുകയായിരുന്നു.

പതിനെട്ട് അംഗ പഞ്ചായത്തില്‍ ബി ജെ പിയ്ക്കും കോണ്‍ഗ്രസിനും ആറ് വീതമാണ് സീറ്റുകള്‍. സി പി എമ്മിന് അഞ്ച്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് ബാക്കിയുളള കക്ഷി നില. പട്ടികജാതി സംവരണമായിരുന്നു പ്രസിഡന്റ് സ്ഥാനം.

ബി ജെ പിയില്‍ നിന്നും സി പി എമ്മില്‍ നിന്നും മാത്രമാണ് പട്ടികജാതി അംഗങ്ങള്‍ ജയിച്ചുവന്നിരുന്നത്.