Monday, April 29, 2024
keralaNewspolitics

യു.ഡി.എഫ്. പ്രവേശനത്തിന് തടയിട്ടത് ഉമ്മന്‍ ചാണ്ടിയാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ.

യു.ഡി.എഫ്. പ്രവേശനത്തിന് തടയിട്ടത് ഉമ്മന്‍ ചാണ്ടിയാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എംഎല്‍എ. യു.ഡി.എഫ്. യോഗത്തില്‍ തന്നെ ഘടകക്ഷിയാക്കുന്നതിനെ അനുകൂലിച്ചാണ് ഐ ഗ്രൂപ്പും ചെന്നിത്തലയും നിലപാടടെടുത്തത്. എന്നാല്‍ എ ഗ്രൂപ്പ് അതിനെ എതിര്‍ക്കുകയായിരുന്നുവെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.എ. ഗ്രൂപ്പിന്റെ എതിര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നാണ് മനസിലാക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള എതിര്‍പ്പിന്റെ കാരണമെന്താണെന്ന് അറിയാം. അക്കാര്യം അധികം വൈകാതെ പത്രസമ്മേളനം വിളിച്ച് എല്ലാവരെയും അറിയിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ അതിന് സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭാഗമാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നാലാം മുന്നണി രൂപീകരിക്കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. മൂന്നുമുന്നണികളോടുമുള്ള അസംതൃപ്തി പുലര്‍ത്തുന്നവരെ കൂട്ടിച്ചേര്‍ത്താകും മുന്നണി ഉണ്ടാക്കുക. വിശ്വകര്‍മജര്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ മുന്നണിയിലുണ്ടാകും.കേരളത്തിലെ 140 മണ്ഡലങ്ങളിലും മുന്നണിക്ക് സ്ഥാനാര്‍ഥിയുണ്ടാകുമെന്നും ജനപക്ഷം അതില്‍ അഞ്ചോ ആറോ സീറ്റുകള്‍ മാത്രമാകും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ മണ്ഡലങ്ങളിലും സ്വാധീന ശേഷിയുള്ള വിഭാഗങ്ങളിലെ ആളുകള്‍ സ്ഥാനാര്‍ഥികളാകും. അതേസമയം പൂഞ്ഞാറില്‍ മത്സരിക്കുമെന്നും ഒറ്റയ്ക്ക് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.