Monday, April 29, 2024
indiaNewsworld

യുദ്ധം അവസാനിപ്പിക്കാനും, ജനങ്ങളെ രക്ഷിക്കാനും ,ഇന്ത്യയോട് അഭ്യര്‍ഥിച്ച് യുക്രെയ്ന്‍.

കീവ് :റഷ്യയുമായി ഇന്ത്യ പുലര്‍ത്തിവരുന്ന മികച്ച ബന്ധം ഉപയോഗിച്ചു യുദ്ധം അവസാനിപ്പിക്കാനും ജനങ്ങളെ രക്ഷിക്കാനും അഭ്യര്‍ഥിച്ച് യുക്രെയ്ന്‍. റഷ്യയും യുക്രെയ്നുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയോട് ആരാഞ്ഞപ്പോള്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മതമെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ സ്വാഗതം ചെയ്യും’മന്ത്രി പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ വെള്ളിയാഴ്ച എത്താനിരിക്കവെയാണ് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രിയുടെ അഭ്യര്‍ഥന.

‘ഇന്ത്യയ്ക്ക് റഷ്യയുടെ മേലെയുള്ള സ്വാധീനം ഉപയോഗിച്ചു യുദ്ധം തടയാന്‍ മുന്‍കൈയെടുക്കണം. റഷ്യയുടെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുട്ടിന്‍ ആണു കൈക്കൊള്ളുന്നത്. അദ്ദേഹവുമായി നേരിട്ടു സംസാരിക്കാന്‍ സാധിക്കണം. അദ്ദേഹത്തിനു മാത്രമാണു യുദ്ധം വേണമെന്ന ആഗ്രഹമുള്ളത്’- കുലേബ കൂട്ടിച്ചേര്‍ത്തു.’ഇന്ത്യ യുക്രെയ്‌നെ പിന്തുണയ്ക്കും എന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്. റഷ്യക്കാര്‍ ടാങ്കറുകളും വിമാനവുമായി എത്തുന്ന നാള്‍ വരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുക്രെയ്ന്‍ ഒരു അഭയ സ്ഥാനമായിരുന്നു. വിദ്യാര്‍ഥികള്‍ തിരികെ എത്തണമെന്നാണു ഞങ്ങളുടെ ആഗ്രഹം’മന്ത്രി കൂട്ടിച്ചേര്‍ത്തു. യുക്രെയ്നില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയെ മന്ത്രി അനുസ്മരിച്ചു.കഴിഞ്ഞ ദിവസം ഇസ്താംബൂളില്‍ യുക്രെയ്ന്‍ റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. ‘സമാധാന കരാറുകള്‍ എഴുതാവുന്ന നിമിഷത്തില്‍ നിന്ന് ഒരുപാട് അകലെയാണ്. ഇരു രാജ്യങ്ങളും ഇരുവരുടെയും ആശയങ്ങള്‍ കൈമാറ്റം ചെയ്യുന്ന ഘട്ടത്തിലാണ് എത്തി നില്‍ക്കുന്നത്’- കുലേബ വ്യക്തമാക്കി.