Thursday, May 2, 2024
Newspolitics

പാകിസ്ഥാന്‍ വീണ്ടും രാഷ്ട്രീയ നാടകം: ഭരണകക്ഷിലെ ഒരു പാര്‍ട്ടി സഖ്യം വിട്ടു

കറാച്ചി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം നാഷണല്‍ അസംബ്ലി നാളെ ചര്‍ച്ച ചെയ്യാനിരിക്കെ പാകിസ്ഥാനില്‍ ഭരണകക്ഷിക്കൊപ്പമുണ്ടായിരുന്ന എംക്യൂഎംപി സഖ്യം വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു.

ഇതോടെ ഇമ്രാന്‍ ഖാന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ല. ഏഴ് അംഗങ്ങളുള്ള എംക്യൂഎംപി സഖ്യം വിട്ടതോടെ ഇമ്രാനൊപ്പം 164 പേര്‍ മാത്രമായി.                             പ്രതിപക്ഷത്തിനൊപ്പം 177 പേര്‍ ഉണ്ടെന്നാണ് നിലവിലെ കണക്ക്. ഇതിനിടെ പാകിസ്ഥാനില്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.

ഇമ്രാന്‍ രാത്രിയോടെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.   സര്‍ക്കാരിനെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്നും ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവിശ്വാസ പ്രമേയത്തിലേക്ക് പോകും മുന്‍പെ ഇമ്രാന്‍ ഖാന്‍ രാജി വെക്കുമെന്ന അഭ്യൂഹം തള്ളി പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് രംഗത്തെത്തി.

ഇമ്രാന്റെ പാര്‍ട്ടിയിലെ 24 പേരാണ് വിമത നിലപാടെടുത്ത് സര്‍ക്കാരിനെതിരെ പ്രഖ്യാപനം നടത്തി പുറത്ത് പോയത്. 342 അംഗദേശീയ അസംബ്ലിയില്‍ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ 2018-ല്‍ അധികാരത്തിലേറിയത്.

അതില്‍ 24 വിമതര്‍ക്ക് പിന്നാലെ എംക്യൂഎംപി കൂടി സഖ്യം വിട്ടതോടെ ഇമ്രാനൊപ്പം 164 പേര്‍ മാത്രമാണിപ്പോഴുള്ളത്. പ്രതിപക്ഷകക്ഷിയായ പിഎംഎല്‍-നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാര്‍ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്.

തെഹ്‌രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിക്ക് 155 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ്, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ, സഹ ചെയര്‍മാന്‍ ആസിഫ് അലി സര്‍ദാരി എന്നിവരുടെ സംയുക്തനീക്കത്തിലാണ് ഇമ്രാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നത്. സൈന്യത്തിന്റെ പിന്തുണയില്ല ഇമ്രാന്‍ ഖാന് എന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാകിസ്ഥാന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു പ്രധാനമന്ത്രിയും അഞ്ചുവര്‍ഷം ഭരിച്ചിട്ടില്ല. അതേസമയം, അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രിയെ നീക്കം ചെയ്ത ചരിത്രവും പാകിസ്ഥാന് ഇല്ല.