Monday, April 29, 2024
keralaNewspolitics

മുന്നണി മാറ്റം സംബന്ധിച്ച് എന്‍.സി.പിയുടെ തീരുമാനം ഇന്നറിയാം.

മുന്നണി മാറ്റം സംബന്ധിച്ച് എന്‍.സി.പിയുടെ തീരുമാനം ഇന്നറിയാം. പാലാ സീറ്റില്‍ തുടങ്ങിയ കലഹം മുന്നണി മാറ്റത്തിലേക്കും പിളര്‍പ്പിലേക്കുമാണ് എന്‍സിപിയെ എത്തിച്ചിരിക്കുന്നത്. മാണി സി. കാപ്പനും എ.കെ.ശശീന്ദ്രനും രണ്ട് ചേരികളായി ഉറച്ചു നില്‍ക്കുമ്പോള്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശിരസാ വഹിക്കാന്‍ കാത്തു നില്‍ക്കുകയാണ് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍.ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും പ്രഫുല്‍ പട്ടേലുമായും മാണി സി കാപ്പനും സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനും നടത്തുന്ന കൂടിക്കാഴ്ചയാകും നിര്‍ണായകമാകുക. യോഗ ശേഷം മുന്നണി മാറ്റത്തില്‍ തീരുമാനമറിയാമെന്ന് കാപ്പന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പാലായില്‍ തന്നെ മത്സരിക്കും എന്ന ഉറച്ച തിരുമാനം മുന്‍കൂറായി പ്രഖ്യാപിച്ചാണ് മാണി സി കാപ്പന്‍ ഇന്ന് ദേശീയ നേതൃത്വത്തെ കാണുന്നത്. ഈ സാഹചര്യത്തില്‍ എന്‍സിപി നേതൃത്വത്തിന് മാണി സി കാപ്പന് ഒപ്പം നില്‍ക്കണോ അതോ വേണ്ടയൊ എന്നത് മാത്രം തീരുമാനിച്ചാല്‍ മതി.കാപ്പന് ഒപ്പം നില്‍ക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ പാര്‍ട്ടി ഇടത് മുന്നണി വിടുന്നതായ പ്രഖ്യാപനം ഉണ്ടാകും. അഥവാ മറിച്ചാണെങ്കില്‍ പാര്‍ട്ടി പിളരുന്നതായും തന്റെ കൂടെ ഉള്ളവര്‍ യുഡിഎഫിന്റെ ഭാഗമാകും എന്നും മാണി സി കാപ്പന്‍ പ്രഖ്യാപിക്കും. എല്‍.ഡി.എഫ്. വിടരുതെന്ന സമ്മര്‍ദം ഉയര്‍ത്തുകയാണ് ശശീന്ദ്രന്‍. പാലാ സീറ്റ് നല്‍കാത്ത സി.പി.എം. നിലപാടില്‍ എന്‍.സി.പി. ദേശീയ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. കേരള നേതാക്കളുമായി പ്രഫുല്‍ പട്ടേല്‍ ആദ്യം ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ ഇല്ലെങ്കിലും ശശീന്ദ്രന്റെ അഭിപ്രായം ടെലഫോണില്‍ ആരായും.