Monday, May 6, 2024
keralaNews

മുന്നണികളും രാഷ്ട്രീയകക്ഷികളും കണ്ണും മനസ്സും തുറന്നു വായിക്കാന്‍; ഒരു പെണ്‍ പത്രിക

എഴുത്തുകാരിയും തിരുവനന്തപുരം മലയാളം പള്ളിക്കൂടം കാര്യദര്‍ശിയുമായ ഡോ. ജെസി നാരായണന്‍, പ്രമുഖ ഐടി കമ്പനി യുഎസ്ടിയുടെ തിരുവനന്തപുരം സെന്റര്‍ മേധാവി ശില്‍പ മേനോന്‍, എഴുത്തുകാരി സംഗീത ശ്രീനിവാസന്‍, ഗായിക സിത്താര കൃഷ്ണകുമാര്‍, ഒളിംപ്യന്‍ പ്രീജ ശ്രീധരന്‍, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, പൊലീസ് ഉദ്യോഗസ്ഥ കെ.ആര്‍.വിനയ, പിഎസ്‌സി സമരനായിക ലയ രാജേഷ്, ഗാര്‍ഹിക തൊഴിലാളി വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്‌കാരം നേടിയ ഷൈനി സി. റേച്ചല്‍, ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാല ട്രിനിറ്റി കോളജിലെ നിയമവിദ്യാര്‍ഥി യമുന മേനോന്‍, എന്നിവരുടെ നിര്‍ദേശങ്ങള്‍ സമാഹരിച്ച് മലയാള മനോരമ പത്രാധിപസമിതിയിലെ വനിതാ അംഗങ്ങള്‍ തയാറാക്കിയത്.തുടര്‍ച്ചയായി സ്ത്രീകളുടെ അന്തസ്സിനു നിരക്കാത്ത പരാമര്‍ശങ്ങള്‍ നടത്തുന്ന ജനപ്രതിനിധികള്‍ക്ക് നിശ്ചിത കാലം തിരഞ്ഞെടുപ്പില്‍ വിലക്ക് ഏര്‍പ്പെടുത്തണം.

ഗാര്‍ഹിക തൊഴിലാളികള്‍ക്കായി പ്രത്യേക നയം രൂപീകരിക്കണം. ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കണം.

തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ 6 മാസത്തിലൊരിക്കലോ മറ്റോ വോട്ടര്‍മാരെ കണ്ട് ബുദ്ധിമുട്ടുകള്‍ കേള്‍ക്കുന്ന സംവിധാനം വേണം.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും താല്‍ക്കാലിക, സ്ഥിര നിയമനങ്ങള്‍ പിഎസ്‌സിയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചോ വഴി ആക്കണം. എക്‌സ്‌ചേഞ്ചിലൂടെ നിയമിക്കുമ്പോള്‍ പൊതുപരീക്ഷയോ സീനിയോറിറ്റിയോ മാനദണ്ഡമാക്കണം. രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരെ നിയമിക്കാനുള്ള ഇടങ്ങളായി സര്‍ക്കാര്‍ വകുപ്പുകള്‍ മാറരുത്.

സൈബര്‍ നിയമങ്ങള്‍ കാര്യക്ഷമവും സ്ത്രീസൗഹൃദവുമാകണം. സ്ത്രീകളുടെ ചിത്രം അനുവാദമില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാന്‍ കഴിയാത്ത വിധം നിയമങ്ങള്‍ കര്‍ക്കശമാകണം.

പലകാര്യങ്ങളും തുറന്നെഴുതുന്നതില്‍നിന്ന് എഴുത്തുകാരെ, പ്രത്യേകിച്ച് വനിതാ എഴുത്തുകാരെ, പിന്നോട്ടുവലിക്കുന്നത് സൈബര്‍ ആക്രമണമാണ്. ഇതിനെതിരെ നിയമം ഫലപ്രദമായി നടപ്പാകണം. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പ്രത്യേകം നിയമം വേണം.

സമൂഹ, നിയമ വ്യവസ്ഥിതികള്‍ മിശ്രവിവാഹങ്ങള്‍ക്കു പലപ്പോഴും വിലങ്ങുതടിയാകുന്നു. ഈ സാഹചര്യത്തില്‍, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുമ്പോള്‍ സ്ത്രീ എന്ന നിലയിലുള്ള അവകാശങ്ങള്‍ വിവാഹിതര്‍ക്കു തുല്യമായി സംരക്ഷിക്കപ്പെടണം. ഒരേ ലിംഗത്തിലുള്ള ആളുകളാണ് ഒരുമിച്ചു ജീവിക്കുന്നതെങ്കില്‍ പോലും ഇത്തരം നിയമനിര്‍മാണം വേണം.

ഭാര്യയും ഭര്‍ത്താവും തമ്മിലാണെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്ത്രീയുടെ അനുമതിക്കു മുന്‍ഗണന നല്‍കുന്ന നിയമഭേദഗതി അനിവാര്യം. ഭാര്യയെ ലൈംഗികോപാധി മാത്രമായി കാണുന്ന കാഴ്ചപ്പാട് മാറ്റിയെഴുതണം.

പ്രസവം ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് ജോലിയില്‍നിന്നു മാറിനില്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ വര്‍ക് ഫ്രം ഹോം സംവിധാനമോ പാര്‍ട് ടൈം ജോലിയോ ലഭ്യമാക്കണം. കരിയറില്‍ ബ്രേക്ക് എടുക്കുന്ന സ്ത്രീകള്‍ക്ക് തിരികെ ജോലിയിലേക്കെത്താനുള്ള പിന്തുണയും സഹായവും ഉറപ്പാക്കണം. ജോലിസ്ഥലത്തുതന്നെ കുട്ടികളെ പരിപാലിക്കാന്‍ ക്രഷ് സംവിധാനം വ്യാപകമാക്കണം. പ്രസവാനന്തര വിഷാദം പോലെ സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥകള്‍ നിരീക്ഷിക്കാനും പിന്തുണ നല്‍കാനും ആശാവര്‍ക്കര്‍മാരെ ചുമതലപ്പെടുത്തണം.

സ്ത്രീകള്‍ക്ക് രാത്രി വൈകിയും ജോലി ചെയ്യാന്‍ സുരക്ഷ ഉറപ്പാക്കുക. ചില ജോലികള്‍ മാത്രമേ സ്ത്രീകള്‍ക്കു സാധിക്കൂ എന്ന പൊതുബോധം തിരുത്താന്‍ കഴിയണം. സ്‌കൂളിലും എല്ലാത്തരം ജോലികളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും യൂണിഫോം ഏകീകരിക്കണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ സ്ഥാനക്കയറ്റ സീനിയോറിറ്റി മാനദണ്ഡമുള്ളതും പുരുഷന്മാര്‍ക്കു പ്രത്യേക പ്രമോഷന്‍ തസ്തികയുള്ളതും മാറ്റണം. പൊലീസിലും ജുഡീഷ്യറിയിലും സ്ത്രീകളുടെ എണ്ണം 50% ആക്കി മാറ്റുന്ന രീതിയില്‍ നിയമനപ്രക്രിയ പരിഷ്‌കരിക്കണം. തൊഴിലിടത്തെ ആഭ്യന്തര പരാതിപരിഹാര സമിതി ഇല്ലാത്ത ഒരു സിനിമയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കരുത്.സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ശരീരക്ഷമത വര്‍ധിപ്പിക്കാനും പഞ്ചായത്തുകളില്‍ വനിതാ സൗഹൃദ ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. കായിക പരിശീലനരംഗത്തെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സ്ത്രീകള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശക ക്ലാസുകള്‍ തുടങ്ങണം. സ്ത്രീകളിലെ പോഷകാഹാരക്കുറവിനു പരിഹാരമുണ്ടാക്കാന്‍ റേഷന്‍ കടകളിലൂടെ പോഷക കിറ്റ് വിതരണം ചെയ്യണം. പെണ്‍കുട്ടികളെ ശാരീരികമായി കരുത്തരാക്കാന്‍ സ്‌കൂളുകളില്‍ സെല്‍ഫ് ഡിഫന്‍സ് ക്ലബ് തുടങ്ങണം.

വോട്ടര്‍പട്ടിക ഉള്‍പ്പെടെ രേഖകളില്‍ സ്ത്രീയുടെ പേരിനൊപ്പം ഭര്‍ത്താവിന്റെയോ അച്ഛന്റെയോ പേരു ചേര്‍ക്കുന്നതു പോലെ പുരുഷന്റെ പേരിനൊപ്പം അമ്മയുടെയോ ഭാര്യയുടെയോ പേരും ചേര്‍ക്കണം.

ഡോഗ് സ്‌ക്വാഡിലും പൊലീസ് ബാന്‍ഡ് സെറ്റ് ടീമിലും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണം. റെയില്‍വേ, പൊലീസ് സ്‌പോര്‍ട്‌സ് മീറ്റുകളില്‍ സ്ത്രീകളുടെ ടീം ഉറപ്പാക്കണം.