Friday, May 17, 2024
keralaLocal NewsNews

കാഞ്ഞിരപ്പള്ളി: അഗതിമന്ദിരങ്ങളിലെ പാവപ്പെട്ട മനുഷ്യര്‍ക്ക് ലഭ്യമായിരുന്ന ക്ഷേമപെന്‍ഷന്‍ റദ്ദ് ചെയ്തു

കാഞ്ഞിരപ്പള്ളി: അഗതിമന്ദിരങ്ങളിലെ പാവപ്പെട്ട മനുഷ്യര്‍ക്ക് ലഭ്യമായിരുന്ന ക്ഷേമപെന്‍ഷന്‍ റദ്ദ് ചെയ്തുകൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവ് തികച്ചും നിര്‍ഭാഗ്യകരവും ഹൃദയഭേദകവുമാണെന്ന് കെസിബിസി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്മെന്റ് കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍.2016 ല്‍ സാമൂഹ്യ നീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. യാചകരും മാനസിക രോഗികളും വികലാംഗരും വൃദ്ധരുമായ നിരാലംബരായ മനുഷ്യരാണ് ഈ ഭവനങ്ങളിലൂടെ സംരക്ഷിക്കപ്പെടുന്നത്. ഏറ്റവുമധികം സഹായമര്‍ഹിക്കുന്ന ഈ നിരാലംബരായ മനുഷ്യരെ അവഗണിക്കുന്ന ഉത്തരവ് തികച്ചും അപലപനീയമാണ്. ഇതിലൂടെ അര്‍ഹമായ നീതി ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്.ക്ഷേപെന്‍ഷനുകള്‍ കൊടുക്കേണ്ടതും അഗതികളെ സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ വിവിധ സംഘടനകളും സമുദായങ്ങളും സഭയും നടത്തുന്ന ഈ സ്ഥാപനങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.പുതിയ ഉത്തരവ് പ്രകാരം ഇത്തരം സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ട ഗുരുതരാവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഈ ഉത്തരവ് ഉടന്‍തന്നെ പുനഃപരിശോധിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.