Monday, May 6, 2024
keralaNewsObituary

മുദ്രാവാക്യ മുഖരിതമായി അന്ത്യാഞ്ജലി അര്‍പ്പിച്ച് ലക്ഷങ്ങള്‍

കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗണ്‍ഹാളിലെത്തി. വന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളില്‍ കോടിയേരിയെ ഒരു നോക്ക് കാണാനായി എത്തിചേര്‍ന്നിരിക്കുന്നത്.   മുദ്രാവാക്യം വിളികളോട് കൂടി കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുകയായിരുന്നു. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു. പിണറായി വിജയന്‍ പുഷ്പചത്രം അര്‍പ്പിച്ചു. ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെക്കും. കോടിയേരിയെ അവസാനമായി കാണാന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളിലെത്തി ചേര്‍ന്നിരിക്കുന്നത്. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര കണ്ണൂരില്‍ നിന്ന് ആരംഭിച്ചത്. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തി. കോടിയേരിയെ അവസാനമായി കാണാന്‍ വന്‍ ജനാവലിയായിരുന്നു റോഡിന് ഇരുവശവും. കോടിയേരിയുടെ നിര്യാണത്തില്‍ ആദരസൂചകമായി തലശ്ശേരി, ധര്‍മ്മടം,കണ്ണൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്തല്‍ പ്രഖ്യാപിച്ചു. വാഹനങ്ങളെയും ഹോട്ടലുകളെയും നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. സംസ്‌ക്കാരം പൂര്‍ണ്ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും.