Monday, April 29, 2024
keralaNewsObituary

കേരളത്തിലെ ആദ്യ പോസ്റ്റ് വുമണ്‍ അന്തരിച്ചു

ആലപ്പുഴ: ആറുപതിറ്റാണ്ടുമുമ്പ് കത്തുകളുമായി ജീവിതം ആരംഭിച്ച കേരളത്തിലെ ആദ്യ പോസ്റ്റ് വുമണ്‍ ഓര്‍മയായി.ആലപ്പുഴ മുഹമ്മ തോട്ടുമുഖപ്പില്‍ വീട്ടില്‍ കെ.ആര്‍. ആനന്ദവല്ലി അന്തരിച്ചു.ചെറുപ്രായം മുതല്‍ തപാല്‍ ജോലിയില്‍ താത്പര്യമുണ്ടായിരുന്ന ആനന്ദവല്ലി കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതിന് പിന്നാലെ സമീപത്തെ തപാല്‍ ഓഫീസില്‍ താത്കാലിക ജീവനക്കാരിയായി. ശേഷം പരിശ്രമത്തിലൂടെ തപാല്‍ വിതരണത്തിന്റെ പരീക്ഷ ജയിച്ചു.പിന്നീട് തപാല്‍ വിതരണത്തിന് വേണ്ട യോഗ്യത പരീക്ഷ പാസായ ഇവര്‍ തപാലില്‍ എത്തുന്ന സാധനങ്ങള്‍ ആളുകളിലേക്ക് എത്തിക്കുന്ന ജോലിയും ആരംഭിച്ചു. അച്ഛന്‍ വാങ്ങിക്കൊടുത്ത റാലി സൈക്കിളിലായിരുന്നു യാത്ര. 1960 -കളില്‍ ആലപ്പുഴയുടെ വഴിയോരങ്ങളിലൂടെ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന ആനന്ദവല്ലിയെ അന്നുള്ളവര്‍ ഇന്നും ഓര്‍ക്കുന്നു.100 രൂപയായിരുന്നു പോസ്റ്റ് വുമണായിരുന്നപ്പോള്‍ ലഭിച്ച ആദ്യശമ്പളം . ജില്ലയിലെ തന്നെ വിവിധ തപാലോഫീസുകളില്‍ ക്ലാര്‍ക്കായും പോസ്റ്റ്മിസ്ട്രസായും സേവനമനുഷ്ഠിച്ചു. മുഹമ്മ തപാല്‍ ഓഫീസില്‍ നിന്ന് 1991-ല്‍ വിരമിച്ചു. ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുമ്പോഴും അവസാന നാളുകളിലും തന്റെ പടക്കുതിരയായിരുന്ന റാലി സൈക്കിളിനെ അവര്‍ പൊന്നുപോലെ സൂക്ഷിച്ചിരുന്നു. ആലപ്പുഴ തത്തംപള്ളി കുന്നേപ്പറമ്പില്‍ വൈദ്യകലാനിധി കെ.ആര്‍. രാഘവന്‍ വൈദ്യരുടെ മൂത്തമകളായിരുന്നു ആനന്ദവല്ലി . എസ്.ഡി.വി. ഹൈസ്‌കൂളില്‍നിന്നു മെട്രിക്കുലേഷനും എസ്.ഡി. കോളേജില്‍ നിന്നും കോമേഴ്സില്‍ ബിരുദവും നേടിയിട്ടുണ്ട്. റിട്ട. സംസ്‌കൃതാധ്യാപകന്‍ പരേതനായ വി.കെ. രാജനാണു ഭര്‍ത്താവ്. മക്കള്‍: ആര്‍. ധനരാജ് (ഫോട്ടോഗ്രാഫര്‍), ഉഷാകുമാരി (ജ്യോതി). മരുമക്കള്‍: ശ്രീവള്ളി ധനരാജ്, ബൈജു.