Friday, May 3, 2024
keralaNews

മുട്ടില്‍ വനം കൊള്ള ;എരുമേലി തെക്ക് വില്ലേജ് ഓഫീസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

എരുമേലി : മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായി എരുമേലി തെക്ക് വില്ലേജ് ഓഫീസിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ പരിശോധന നടത്തി.വില്ലേജ് ഓഫീസ് പരിധിയില്‍പ്പെടുന്ന ഭൂമിയില്‍ നിന്നും തടി മുറിക്കുന്നതിനായി ലഭിച്ചിട്ടുള്ള അപേക്ഷകളാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.ഇത്തരത്തില്‍ 47 അപേക്ഷകളാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്.അപേക്ഷകള്‍ പരിശോധിച്ച് മറ്റു സര്‍ക്കാര്‍ ബാധ്യതകള്‍ ഒന്നുമില്ലെന്ന് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നല്‍കുന്നതെന്നും മരം മുറിക്കുന്നതിനുള്ള അനുവാദം നല്‍കുന്നത് വനംവകുപ്പ് തന്നെയാണെന്നും എരുമേലി വില്ലേജ് ഓഫീസര്‍ ഹാരിസ് പറഞ്ഞു.റിസര്‍വ് ചെയ്യപ്പെട്ട എല്‍ എ പട്ടയങ്ങളില്‍ നിന്നും തടി മുറിക്കുന്നതിനുള്ള അനുവാദത്തിനായി അപേക്ഷകള്‍ വന്നുവെങ്കിലും ഒന്നും സ്വീകരിച്ചിട്ടില്ലെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.കോട്ടയം ഫോറസ്റ്റ് ഓഫീസിലെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നുള്ള അംഗങ്ങളാണ് എത്തിയത് .വനംവകുപ്പിന് ലഭിച്ചിട്ടുള്ള അപേക്ഷകളും വില്ലേജ് ഓഫീസില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളും തമ്മിലുള്ള പരിശോധനയാണ് നടന്നത് .കഴിഞ്ഞദിവസം തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഫോറസ്റ്റ് ഫ്‌ലയിംഗ് സ്‌ക്വാഡിലെ ഡി എഫ് ഒ, എ. ഷാനവാസിന്റെ നേതൃത്വത്തില്‍ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ പരിശോധന നടത്തിയിരുന്നു.