Tuesday, April 30, 2024
keralaNewspolitics

മന്‍സൂര്‍ വധം ;സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു.

മന്‍സൂര്‍ കൊലപാതകവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. സംഭവത്തില്‍ പോലീസ് നടപടികള്‍ ഏകപക്ഷീയമാണെന്ന് യുഡിഎഫ് ആരോപിച്ചു. കൊലപാതകികളുടെ നേതാക്കന്മാരാണ് യോഗത്തില്‍ ഇരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി പ്രതികരിച്ചു.ഇന്നലെ രാത്രി സിപിഎം ഓഫിസുകള്‍ക്കുനേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് പാനൂരില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. പാനൂര്‍- പെരിങ്ങത്തൂര്‍ മേഖലയിലെ സിപിഎം ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി ഓഫിസുകള്‍ക്കാണ് തീയിട്ടത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വിലാപയാത്രയ്ക്ക് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങള്‍ നടന്നത്.

പെരിങ്ങത്തൂര്‍ ടൗണിലുള്ള സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ക്കുകയും കൊടിയും തോരണങ്ങളും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ആച്ചുമുക്കിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയും ആക്രമണം ഉണ്ടായി. കീഴ്മാടം, പെരിങ്ങളം, കടവത്തൂര്‍ എന്നിവിടങ്ങളിലെ ഓഫിസുകളും തകര്‍ത്തു. പാര്‍ട്ടി ഓഫിസുകള്‍ക്ക് പുറമെ നിരവധി കടകളും അടിച്ചു തകര്‍ത്തു.അക്രമ സാധ്യതയുള്ളതിനാല്‍ വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്ത്. പാര്‍ട്ടി ഓഫിസുകള്‍ അക്രമിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതിനിടെ മന്‍സൂര്‍ വധക്കേസില്‍ പിടിയിലാകാനുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ പതിനൊന്നിലേറെ പേര്‍ക്കു പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഗൂഢാലോചന നടന്നിട്ടുണ്ടോയന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തില്‍ പങ്കില്ലെന്നതാണ് സിപിഎം നിലപാടെങ്കിലും സംഭവം രാഷ്ട്രീയ പകപോക്കലാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.