Friday, April 19, 2024
EntertainmentkeralaNews

ശ്രീഹരിക്ക് മോഹന്‍ലാലിനെ കാണണം; ശസ്ത്രക്രിയക്ക് മുന്‍പ് ..

മോഹന്‍ലാലിനെ ഒരുനോക്ക് കാണണം, അതായിരുന്നു നിരണം സ്വദേശിയായ ശ്രീഹരിയുടെ ആഗ്രഹം. അതും തന്റെ 16-ാമത് ശസ്ത്രക്രിയക്ക് മുമ്പായി. ഇതറിഞ്ഞ മോഹന്‍ലാല്‍ പിന്നെ ഒട്ടും വൈകിപ്പിച്ചില്ല, ഫോണ്‍ കോളിലൂടെ ശ്രീഹരിയുമായി സംസാരിച്ചു. പ്രിയതാരത്തിന്റെ ശബ്ദ സാന്നിധ്യം ആ കുഞ്ഞു മനസ്സിനെ സന്തോഷിപ്പിച്ചു.ഫോണ്‍ കോളിന്റെ മറുതലയ്ക്കല്‍ മോഹന്‍ലാലിന്റെ ശബ്ദം കേട്ടതും ശ്രീഹരിയുടെ അമ്മയ്ക്ക് അമ്പരപ്പായിരുന്നു. ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്നായി അമ്മയുടെ ചോദ്യം. പക്ഷെ കൊവിഡ് കാലമായതിനാല്‍ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച് മോഹന്‍ലാല്‍ വിശദമാക്കി. എങ്കില്‍ ഒരു വീഡിയോ കോള്‍ എങ്കിലും നടക്കുമോ എന്നായി. ഇപ്പോള്‍ താന്‍ ചികിത്സയില്‍ തുടരുന്നതിനാല്‍, കൃത്യമായ സമയം കണ്ടെത്തി നടത്താമെന്നും താരം ഉറപ്പുനല്‍കി. പിന്നാലെ ശ്രീഹരിയോടും മോഹന്‍ലാല്‍ സംസാരിച്ചു.മോഹന്‍ലാല്‍ സംസാരിച്ച വിവരം പ്രൊഡക്ഷന്‍ കണ്‍ഡ്രോളറായ ബാദുഷയാണ് പോസ്റ്റ് ചെയ്തത്. ‘കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റര്‍ ഒരു സുഹൃത്ത് അയച്ചു തരുന്നത്. അപ്പോള്‍ തന്നെ ഈ മെസേജ് ഞാന്‍ ലാലേട്ടന് അയച്ചു കൊടുത്തു. ഉടന്‍ തന്നെ ശ്രീഹരിക്ക് ലാലേട്ടന്റെ വിളിയെത്തി. അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്. ശ്രീഹരിയുടെ അസുഖം വേഗത്തില്‍ ഭേദമാവട്ടെ. ലാലേട്ടന്റെ ഈ കരുതലിനു നന്ദി,’ ബാദുഷ കുറിച്ചു.