Saturday, April 27, 2024
keralaNews

മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

സ്വര്‍ണ കള്ളക്കടത്തിലെ മുഖ്യപ്രതി താങ്കളുടെ ഓഫിസിലല്ലേ പ്രവര്‍ത്തിച്ചിരുന്നത്?
മൂന്നരലക്ഷം രൂപ ശമ്പളം നല്‍കിയില്ലേ?
പ്രധാനപ്രതി സര്‍ക്കാര്‍ ചെലവില്‍ യാത്ര നടത്തിയോ?
പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതികള്‍ക്കായി ഫോണ്‍ ചെയ്തോ?
കസ്റ്റംസിനുമേല്‍ സമ്മര്‍ദം ചെലുത്തിയോ? എന്നീ അഞ്ച് ചോദ്യങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ ഉന്നയിച്ചത്.

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മലയാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കണ്ണന്താനത്തിന് നല്‍കിയ മറുപടിയില്‍ അമിത് ഷാ പറഞ്ഞു. ശബരിമല വിഷയത്തില്‍ സിപിഎം ഗുരുതര തെറ്റ് ചെയ്തുവെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതിക്രൂരമായാണ് സര്‍ക്കാര്‍ വിശ്വാസികളെ നേരിട്ടതെന്നും ആരോപിച്ചു.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു മരണമെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പറയട്ടെ എന്നായിരുന്നു തൃപ്പൂണിത്തുറയില്‍ അമിത് ഷായുടെ മറുപടി.

തൃപ്പൂണിത്തുറയെ ഇളക്കി മറിച്ചായിരുന്നു അമിത് ഷായുടെ റോഡ് ഷോ. കിഴക്കേ കോട്ട മുതല്‍ പൂര്‍ണത്രയീശ ക്ഷേത്ര ജംക്ഷന്‍ വരെയായിരുന്നു ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ റോഡ് ഷോ. തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.എസ്.രാധാകൃഷ്ണനും ഷായ്ക്കൊപ്പം ചേര്‍ന്നു. അടുത്തയാഴ്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തും.