Monday, May 6, 2024
keralaNews

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം.

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ലോകത്തിന് നല്‍കിയ പ്രചോദനാത്മകമായ നേതൃത്വം സുവര്‍ണ്ണ സ്മരണകളായി എന്നും നിലനില്‍ക്കും എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. മാര്‍ത്തോമാ സഭയ്ക്ക് മാത്രമല്ല സമസ്ത ക്രൈസ്തവ സമൂഹത്തിനും ഇതര സമുദായങ്ങള്‍ക്കും മതവിഭാഗങ്ങള്‍ക്കും അദ്ദേഹം നല്‍കിയ ഹൃദ്യമായ നേതൃത്വം അനന്യസാധാരണമാണ്.മലങ്കര ഓര്‍ത്തഡോക്‌സ് സഭയോടും പിതാക്കന്മാരോടും പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയോടും ആത്മബന്ധം പുലര്‍ത്തിയിരുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുമായി സൂക്ഷിച്ചിരുന്ന സ്‌നേഹോഷ്മളമായ സൗഹൃദം പ്രത്യേകം സ്മരണീയമാണ്.
അനുഗ്രഹീത പ്രഭാഷകനായിരുന്ന അദ്ദേഹം സരളമായ ഹാസ്യത്തിന്റെ അകമ്പടിയോടെ പ്രബോധിപ്പിച്ച ശ്രേഷ്ഠമായ ആശയങ്ങള്‍ ശ്രോതാക്കളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. ലാളിത്യവും വിനയവും അലങ്കാരമാക്കിയിരുന്ന മാര്‍ ക്രിസോസ്റ്റത്തിന്റ നിര്യാണം ക്രൈസ്തവ സമൂഹത്തിന് നികത്താനാവാത്ത വിടവാണെങ്കിലും പരിണിതപ്രജ്ഞനായിരുന്ന അദ്ദേഹത്തിന്റെ മധുരമുള്ള സ്മരണകളും ഐതിഹാസികമായ നേതൃത്വവും ജനഹൃദയങ്ങളില്‍ എന്നും ജീവിക്കുമെന്ന് അഡ്വക്കേറ്റ് ബിജു ഉമ്മന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തോടെ വിശ്വാസികള്‍ക്കും പൊതു സമൂഹത്തിനും നഷ്ടമായത് മഹാഗുരുനാഥനെയാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. സ്‌നേഹമെന്ന സിദ്ധൗഷം കൊണ്ട് സമൂഹത്തിന്റെ മഹാവ്യാധികള്‍ അകറ്റിയിരുന്ന തപോ ശ്രേഷ്ഠന്റെ വിയോഗം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.