Sunday, May 5, 2024
EntertainmentkeralaNews

മോഹന്‍ലാലിന്റെ വീടിന് അലങ്കാരമാകാന്‍ തടിയില്‍ തീര്‍ത്ത വിശ്വരൂപ ശില്‍പം

നടന്‍ മോഹന്‍ലാലിന്റെ വീടിന് അലങ്കാരമാകാന്‍ തടിയില്‍ തീര്‍ത്ത വിശ്വരൂപ ശില്‍പം. ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് പണിത ശില്‍പത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ശില്‍പി അറിയിച്ചു.ഏതാനും നാളുകള്‍ക്കുള്ളില്‍ ശില്പം മോഹന്‍ലാലിന്റെ വീട്ടില്‍ അലങ്കാരമായി മാറും. അടുത്ത മാസം ആദ്യവാരം നടന്റെ ചെന്നൈയിലുള്ള വീട്ടിലേക്കു കൊണ്ടുപോകുമെന്നാണ് വിവരം.കുരുക്ഷേത്ര യുദ്ധത്തില്‍ എതിര്‍പക്ഷത്ത് ബന്ധുജനങ്ങളെ കണ്ട് തളര്‍ന്നിരുന്ന അര്‍ജുനന് മുന്നില്‍ ശ്രീകൃഷ്ണന്‍ വിശ്വരൂപമായ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. 11 ശിരസുള്ള സര്‍പ്പം. ഇതിന് താഴെ നടുവില്‍ മഹാവിഷ്ണു. ഇരുവശത്തുമായി ദേവഹുരു ബ്രഹസ്പതി, നരസിംഹം, ശ്രീരാമന്‍, ശിവന്‍, വിഷ്ണു, ശ്രീകൃഷ്ണന്‍, ഇന്ദ്രന്‍, ഹനുമാന്‍, ഗരുഡന്‍, അസുരഗുരു ശുക്രാചാര്യന്‍ എന്നിവരുടെ ശിരസുകളാണ് ഉള്ളത്. ശഖ്, ചക്ര, ഗദാ, ഖഡ്ഗങ്ങള്‍ പേറുന്ന 22 കൈകള്‍. ഇതാണ് മുകള്‍ ഭാഗത്തുള്ളത്. പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണന്‍, വ്യാസന്‍ പറയുന്നത് കേട്ട് മഹാഭാരത കഥയെഴുതുന്ന ഗണപതി, ഉള്‍പ്പടെ മഹാഭാരതത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ ചെറുതും വലുതുമായ 400 രൂപങ്ങള്‍.ശില്പി വെള്ളാര്‍ നാഗപ്പനും സഹശില്പികളായ ഒന്‍പതു പേരും ചേര്‍ന്നാണ് ശില്പം പൂര്‍ത്തിയാക്കിയത്. കുമ്പിള്‍ തടിയിലാണ് ശില്പം. ലോകത്തിലെ തന്നെ വലിയ വിശ്വരൂപ പ്രതിമയാണിതെന്ന് അവകാശപ്പെട്ട ശില്പികള്‍ ഗിന്നസ് റെക്കോഡിന്റെ സാധ്യത തേടുന്നതായി വ്യക്തമാക്കിയിരുന്നു. മൂന്നര വര്‍ഷം കൊണ്ടാണ് ഈ കൂറ്റന്‍ രൂപം തയ്യാറാക്കിയിരിക്കുന്നത്.