Sunday, May 5, 2024
keralaNewspolitics

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരം. കെ.സുധാകരന്‍.

തിരുവനന്തപുരം:കോണ്‍ഗ്രസ്സ് രഹസ്യയോഗം ഗ്രൂപ്പ് യോഗത്തിനിടെ കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോഴിക്കോടുണ്ടായത് മോശം സംഭവമാണെന്നും അതില്‍ കെപിസിസിക്ക് ദുഖമുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട കെ.സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് ഡിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഡിസിസി റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ കെപിസിസി തന്നെ നേരിട്ട് ഇതേക്കുറിച്ച് അന്വേഷിക്കും.              ഡിസിസിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കും അതിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാവുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പ് യോഗം അനുവദിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ എ ഗ്രൂപ്പ് നേതാവ് ലത്തീഫിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയെ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുധാകരന്‍ ന്യായീകരിച്ചു. ലത്തീഫിനെതിരായ നിരവധി പരാതികള്‍ കെപിസിസി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണവിധേമായിട്ടാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.      ആരെയെങ്കിലും ലക്ഷ്യമിട്ടോ ആരേയും ദ്രോഹിക്കാനോ അല്ല സസ്പെന്‍ഷന്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറിയായിരുന്ന ലത്തീഫിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരം വിഴിഞ്ഞത് കെപിസിസി നേതൃത്വത്തിന് പരസ്യപ്രതിഷേധം അരങ്ങേറിയിരുന്നു. കോഴിക്കോട് കോണ്‍ഗ്രസ്സ് ഗ്രൂപ്പ് യോഗത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ നല്‍കിയ പരാതിയും കൈരളി,ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയ പരാതികളും ചേര്‍ത്ത് ഒറ്റ കേസായാവും അന്വേഷണം. നിലവില്‍ സാജന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. ഡിസിസി മുന്‍ പ്രസിഡണ്ട് യു.രാജീവന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സ് എടുത്തിരിക്കുന്നത്.