Sunday, May 5, 2024
indiaNewspolitics

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു

അഴിമതി ആരോപണങ്ങളെക്കുറിച്ച് സി.ബി.ഐ പ്രാഥമിക അന്വേഷണത്തിന് ബോംബെ ഹൈകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. ഹോട്ടല്‍ വ്യവസായികളില്‍ നിന്ന് പ്രതിമാസം 100 കോടി രൂപ വസൂലാക്കി നല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുംബൈ പൊലീസ് കമീഷണര്‍ പരംബീര്‍ സിങ്ങിന്റെ ആരോപണത്തെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിന് ബോംബെ ഹൈക്കോ ടതി ഉത്തരവിട്ടത്.

സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നതിനാല്‍ അനില്‍ ദേശ്മുഖ് തല്‍സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് അദ്ദേഹം അംഗമായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് വ്യക്തമാക്കി .പരംബീര്‍ സിങ്ങ് നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് കുല്‍ക്കര്‍ണി എന്നിവരാണ് തിങ്കളാഴ്ച വിധി പറഞ്ഞത്. കോടതിയില്‍ ഹര്‍ജി പരിഗണിക്കെ പൊലീസ് കമ്മീഷണറായിരുന്നിട്ടും പരംബീര്‍ സിങ്ങ്, മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പക്ഷപാതം കാണിക്കുമെന്നതിനാലാണ് കേസ് കൊടുക്കാതിരുന്നതെന്ന പരംബീര്‍ സിങ്ങിന്റെ വാദം കോടതി അംഗീകരിച്ചു. അസാധാരണ സംഭവമെന്ന് വിശേഷിപ്പിച്ചാണ് കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദേശം. എന്നാല്‍ കേസില്‍ തുടരന്വേഷണം വേണമോയെന്ന് തുടര്‍ന്ന് സി.ബി.ഐ ഡയറക്ടര്‍ക്ക് തീരുമാനിക്കാം. അംബാനി ബോംബ് ഭീഷണി കേസില്‍ അറസ്റ്റിലായ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയോട് പണം പിരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്നാണ് പരംബീര്‍ സിങ് ആരോപിച്ചത്. അംബാനി കേസില്‍ സച്ചിന്‍ വാസെ അറസ്റ്റിലായതിനെ തുടര്‍ന്നാണ് മുംബൈ പൊലീസ് കമീഷണര്‍ പദവിയില്‍നിന്ന് പരംബീര്‍ സിങ്ങിനെ മാറ്റിയത്. ഇതേ തുടര്‍ന്ന് ആഭ്യന്തര മന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് സിങ് മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.